പട്‌ന -വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയോട് മോശമായി പെരുമാറുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ ജാര്‍ഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമായ സീമ പാത്രയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വീട്ടുജോലിക്കാരി സുനിത എന്ന ഗോത്രവര്‍ഗ യുവതിയെ പീഡിപ്പിച്ചതിന് സീമ പാത്രയ്‌ക്കെതിരെ കേസെടുത്തു. റാഞ്ചിയിലെ അര്‍ഗോഡ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്നെ കഴിഞ്ഞ 8 വര്‍ഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി.
സീമ പാത്രയുടെ മകന്‍ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങള്‍ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു.
വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ (എന്‍സിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയാല്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ജാര്‍ഖണ്ഡ് ഡിജിപിക്ക് കത്തുനല്‍കി. ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. സീമ പാത്രയ്‌ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി