ന്യൂദല്‍ഹി- മുസ്ലിം വ്യക്തിനിയമത്തില ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ , ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയെ കക്ഷികളാക്കി.
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.
അശ്വിനി കുമാര്‍ ഉപാധ്യായയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വ്യക്തി നിയമത്തിലെ ഈ സമ്പ്രദായങ്ങളെ കുറിച്ച് കമ്മീഷനുകളുടെ നിലപാട് അറിയണമെന്നായിരുന്നു ഹരജി. കേസ് ദസറ അവധിക്ക് ശേഷം പരിഗണിക്കാനാണ് തീരുമാനം.
വ്യക്തിഗത നിയമത്തിലെ സമ്പ്രദായങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുന്ന പ്രത്യേക ഹരജിയിലും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ ജീവിതകാലത്ത് വീണ്ടും വിവാഹം കഴിക്കുന്നത് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കുന്നതാണ് 494 ാം വകുപ്പ്.
ബഹുഭാര്യത്വവും വിവാഹമോചിതനായ ഭര്‍ത്താവുമായുള്ള പുനര്‍വിവാഹത്തിന് മറ്റൊരു പുരുഷനുമായി വിവാഹം നടന്നരിക്കണമെന്ന നിബന്ധനയായ നിക്കാഹ് ഹലാലയും ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാരനായ ഉപാധ്യായ വാദിക്കുന്നു.
ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും അംഗീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നതിനാല്‍ 1937 ലെ മുസ്ലിം വ്യക്തിനിയമത്തിലെ (ശരീഅത്ത്) സെക്്ഷന്‍ രണ്ട് ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഇസ്‌ലാം മതവുമായി അഭേദ്യമായി ഇഴചേര്‍ന്ന് കിടക്കുന്ന സാംസ്‌കാരിക പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) ഈ കേസില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ മതങ്ങളുടെ വ്യത്യസ്ത ആചാരങ്ങള്‍ തുടരാന്‍ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും എഐഎംപിഎല്‍ബി പറഞ്ഞു.
വ്യക്തിനിയമങ്ങള്‍ക്ക് നിയമനിര്‍മ്മാണസഭയുടേയോ മറ്റേതെങ്കിലും അധികാര കേന്ദ്രത്തിന്റേയോ സാധുത സാധുത ആവശ്യമില്ലെന്നും അതിന്റെ സ്രോതസ്സ് അതത് മതങ്ങളുടെ വേദഗ്രന്ഥങ്ങളാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമുള്ള നിയമങ്ങള്‍ സംബന്ധിച്ച നിര്‍വചനത്തില്‍ വ്യക്തിനിയമം ഉള്‍പ്പെടുന്നില്ല. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിനിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യാനുമാവില്ല. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനുള്ള പ്രഖ്യാപനത്തിനായി ജുഡീഷ്യറിയില്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കമാണ് ഹരജികള്‍ക്ക് പിന്നിലെന്നും ബോര്‍ഡ് വാദിക്കുന്നു.