റിയാദ്-പ്രമുഖ ഷെഫുകളുടെ പാചക കൈപ്പുണ്യം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് ലുലു ഹൈപർ മാർക്കറ്റുകളിൽ തുടക്കമായി. സെപ്റ്റംബർ പത്ത് വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ആയിരം ഫ്രീ ട്രോളികളും ആയിരം മികച്ച അടുക്കള ഉപകരണങ്ങളുമടങ്ങുന്ന സമ്മാനങ്ങളും പ്രത്യേക ഓഫറുകളുമാണ് ഉപഭോക്താക്കാളെ കാത്തിരിക്കുന്നത്.
അന്താരാഷ്ട്ര പ്രശസ്തരായ ഷെഫുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് പാചക പരിശീലനം ലഭിക്കാനും അവരുടെ പാചക സാമ്പിളുകൾ രുചിക്കാനും അന്താരാഷ്ട്ര പാചക ഉള്ളടക്കങ്ങളെ അടുത്തറിയാനും അവസരമുണ്ടാകും. പ്രമുഖ ഷെഫുമാരായ തുർക്കി അൽഗാനിം, മൻസൂർ എന്നിവർ സെപ്റ്റംബർ ഒന്ന് റിയാദ് അൽയാസ്മിൻ ലുലു ഹൈപർ മാർക്കറ്റും ദമാം അൽറയ്യാൻ ലുലു ഹൈപർ മാർക്കറ്റും സന്ദർശിക്കും. ഷെഫ് അദ്‌നാൻ യമാനി സെപ്റ്റംബർ മൂന്നിന് ജിദ്ദ അൽറവാബി ലുലുവിലും ഷെഫ് ഹാനി സെപ്റ്റംബർ നാലിന് അൽകോബാർ ലുലുവിലും ഷെഫ് അബ്ദുൽ അസീസ് അൽമുതവ്വ, ഷെഫ് മൈസ എന്നിവർ എട്ടിന് റിയാദ് യർമൂക്കിലെ ലുലുവിലും ജിദ്ദയിലെ മർവ ലുലുവിലും ഉപഭോക്താക്കളുമായി സംവദിക്കാനെത്തും.
ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ പാചക വിദഗ്ധരായ രാജ് കലേഷും മാത്തുക്കുട്ടിയും എട്ടിന് ദമാമിലെ ലുലു മാളും ഒമ്പതിന് റിയാദ് മുറബ്ബയിലെ ലുലുമാളും പത്തിന് ജിദ്ദ അൽറവാബിയിലെ ലുലുമാളും സന്ദർശിക്കും. ഓണത്തിന് 28.50 റിയാലിന് 23 പരമ്പരാഗത വിഭവങ്ങളടങ്ങിയ ഓണസദ്യ ലഭിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ലുലു മാളുകളിൽ ഓണസദ്യ ബുക്ക് ചെയ്യാം.
ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രത്യേക പ്രൊമോഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ, അറേബ്യൻ, ഫിലിപ്പിനോ ഭക്ഷ്യ വൈവിധ്യങ്ങളും വ്യത്യസ്ത ഇനം ബ്രഡ്, ചീസ്, ഡെലി, ഐസ്‌ക്രീം, ജ്യൂസുകൾ എന്നിവയും പ്രത്യേക ഓഫറിൽ ലഭിക്കും. അതോടൊപ്പം അടുക്കളകളിലേക്കാവശ്യമായ പാത്രങ്ങൾക്കും ഉപകരണങ്ങൾക്കും പ്രത്യേക വിലക്കിഴിവും ഉണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ 100 റിയാലിന് പർച്ചേസ് ചെയ്താൽ 50 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്ന പ്രൊമോഷനും ഇതോടൊന്നിച്ചുണ്ട്.
ഭക്ഷണവും വ്യത്യസ്ത ഭക്ഷ്യ വസ്തുക്കളുടെ പരീക്ഷണവും സൗദി ജനതക്ക് വലിയ ആനന്ദം നൽകുന്നതാണെന്നും സ്വന്തം രുചിക്കൂട്ടുകൾ പ്രവാസികൾക്ക് പകർന്നു നൽകാനും പുതിയ ഭക്ഷണങ്ങളെ സ്വീകരിക്കാനും അവർ താൽപര്യമുള്ളവരാണെന്നും ഈ ഫുഡ് ഫെസ്റ്റ് അതിന് ഏറ്റവും നല്ല വേദിയാണ് ഒരുക്കിയിരിക്കുന്നതെന്നും ലുലു സൗദി അറേബ്യ ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.