ന്യൂദല്‍ഹി- ഗുജറാത്ത് കലാപക്കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ കൃത്രിമ തെളിവുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് ഹരജി പരിഗണിക്കേണ്ടിയിരുന്നത്. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് സമയക്കുറവ് കാരണം കേസ് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
സമയക്കുറവ് കാരണം വിഷയം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഇക്കാര്യം ലിസ്റ്റ് ചെയ്യുക- ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് പ്രതികളുമായി ചേര്‍ന്ന് ടീസ്റ്റ ഗൂഢാലോചന നടത്തിയെന്നാണ് ജാമ്യാപേക്ഷയ്ക്ക് മറുപടിയായി ഗുജറാത്ത് സര്‍ക്കാര്‍ ബോധിപ്പിച്ചത്.
രാഷ്ട്രീയ നേതാവുമായി സെതല്‍വാദ് കൂടിക്കാഴ്ച്ച നടത്തിയെന്നും വലിയ തുക കൈപ്പറ്റിയെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ 24 ലെ സുപ്രീം കോടതിയുടെ വിധിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല ടീസ്റ്റക്കെതിരായ എഫ്.ഐ.ഐറെന്ന് കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നേരത്തെ ടീസ്റ്റ സെതല്‍വാദിന്റെ ഹരജിയിലുള്ള മറുപടി ചില തിരുത്തലുകള്‍ക്ക് ശേഷം ഫയല്‍ ചെയ്യുമെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചിരുന്നു.
ജൂണില്‍ അറസ്റ്റിലായ ടീസ്റ്റയുടെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് 22ന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് മറുപടി തേടിയിരുന്നു.
ജാമ്യാപേക്ഷയില്‍ ഗുജറാത്ത് ഹൈക്കോടതി ഓഗസ്റ്റ് 3 ന് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും വിഷയം സെപ്റ്റംബര്‍ 19 ന് പരിഗണിക്കുകയും ചെയ്തിരുന്നു.