ന്യൂദൽഹി- ബി.ജെ.പിയുടെ വേട്ടയാടൽ ശ്രമങ്ങൾ ആരോപിച്ച് ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെ.എം.എം-കോൺഗ്രസ് സഖ്യം തങ്ങളുടെ എം.എൽ.എമാരെ അയൽസംസ്ഥാനമായ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിലേക്കാണ് എം.എൽ.എമാരെ മാറ്റുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് എം.എൽ.എമാരെ മാറ്റുന്നത്. സർക്കാരിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിക്കുന്നതായി ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) ആരോപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ്, മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടിൽനിന്നാണ് എം.എൽ.എമാർ ബസിൽ വിമാനതാവളത്തിലേക്ക് പോയത്. എം.എൽ.എമാരെ യാത്രയയക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറനും എത്തിയിരുന്നു. ചാർട്ടേഡ് വിമാനത്തിലാണ് എം.എൽ.എമാർ ഛത്തീസ്ഗഡിലേക്ക് പോയത്. വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഖനന പാട്ടക്കരാർ നീട്ടിനൽകിയതിലൂടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി സമർപ്പിച്ച ഹർജിയെത്തുടർന്നാണ് സോറൻ എം..എൽഎ എന്ന നിലയിൽ അയോഗ്യത ഭീഷണി നേരിടുന്നത്.
81 അംഗ നിയമസഭയിൽ ഭരണസഖ്യത്തിന് 49 എംഎൽഎമാരാണുള്ളത്. ഏറ്റവും വലിയ കക്ഷിയായ ജെഎംഎമ്മിന് 30 എംഎൽഎമാരും കോൺഗ്രസിന് 18 എംഎൽഎമാരും തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന് (ആർജെഡി) ഒരാളുമാണ്. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിക്ക് 26 എം.എൽ.എമാരാണുള്ളത്. ഭരണസഖ്യത്തിന് 50 എം.എൽ.എമാരുണ്ടെന്ന് മന്ത്രി മിഥിലേഷ് താക്കൂർ അവകാശപ്പെട്ടു.