ന്യൂദല്‍ഹി- പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നയാള്‍ പങ്കാളിയുടെ ജനനത്തീയതി പരിശോധിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് ദല്‍ഹി ഹൈക്കോടതി നിരീക്ഷണം. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസാണ് ഇതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല. അതിന്റെ ആവശ്യവുമില്ല കോടതി വ്യക്തമാക്കി. തെറ്റായ ജനനതീയതി കാണിച്ച് തന്റെ കേസില്‍ കുടുക്കാനുള്ള നീക്കമാണിതെന്ന പ്രതിയുടെ സംശയം ന്യായമാണ്. കേസിലെ പരാതിക്കാരിക്ക് പല രേഖകളില്‍ പല ജനനത്തീയതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആധാര്‍ കാര്‍ഡില്‍ 01.01.1998 ആണ് പരാതിക്കാരിയുടെ ജനന തീയതി. സംഭവം നടക്കുമ്പോള്‍ അവര്‍ക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്നു കരുതാന്‍ ഇതു മതിയാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരിയുടെ അക്കൗണ്ടിലേക്കു വലിയ തോതില്‍ പണം വന്നിട്ടുണ്ട്. ഹണി ട്രാപ് കേസാണോ ഇതെന്ന് അന്വേഷിക്കേണ്ടതുണ്ട്. അക്കൗണ്ടിലേക്കു പണം വന്നതിനെക്കുറിച്ചും വ്യത്യസ്ത ജനന തീയതികള്‍ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കാന്‍ പോലീസ് കമ്മിഷണറോട് കോടതി നിര്‍ദേശിച്ചു. ഇവര്‍ മറ്റാര്‍ക്കെങ്കിലും എതിരെ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് പോലീസിന് കോടതി നിര്‍ദേശം നല്‍കി.
പ്രതിയുമായി 2019 മുതല്‍ ബന്ധമുണ്ടായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് അവരുടെ വാദം. എന്നാല്‍ പോലീസിനെ സമീപിക്കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ അവര്‍ക്കാവുന്നില്ല കോടതി പറഞ്ഞു.
പ്രതിക്ക് 20,000 രുപയുടെ ബോണ്ടില്‍ ജാമ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ ഇടവേളയില്‍ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നും നിര്‍ദേശിച്ചു. രാജ്യം വിടരുതെന്നും പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നുമാണ് മറ്റു വ്യവസ്ഥകള്‍