ന്യൂദൽഹി- കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നാമനിർദ്ദേശം നൽകില്ല. എ.ഐ.സി.സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും എ.ഐ.സി.സി വ്യക്തമാക്കി. രാഹുൽ മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചതായി എ.ഐ.സി.സി തന്നെയാണ് വ്യക്തമാക്കിയത്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ?. ശശി തരൂരിന്റെ മറുപടി ഇങ്ങിനെ
ന്യൂദൽഹി- കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇക്കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ എല്ലാമുണ്ടെന്നും തരൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കോൺഗ്രസിന് നല്ലതായിരിക്കുമെന്നും തരൂർ ആവർത്തിച്ചു.
ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് തരൂർ ഇക്കാര്യം പറഞ്ഞത്. മത്സരിക്കുമെന്ന റിപ്പോർട്ട് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാൻ തരൂർ തയ്യാറായില്ല.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത അദ്ദേഹം ആരായുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ തരൂർ വ്യക്തമാക്കി.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ (സി.ഡബ്ല്യു.സി) തന്നെ തിരഞ്ഞെടുക്കപ്പെടേണ്ട ഡസൻ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും ലേഖനത്തിൽ തരൂർ ആവശ്യപ്പെട്ടു.
ലേഖനത്തിൽനിന്ന്:
എ.ഐ.സി.സി, പി.സി.സി പ്രതിനിധികളിൽ നിന്നുള്ള പാർട്ടി അംഗങ്ങളെ പാർട്ടിയെ നയിക്കാൻ തെരഞ്ഞെടുപ്പ് വഴി അനുവദിക്കുന്നതിലൂടെ അവരുടെ സ്ഥാനം നിയമാനുസൃതമാക്കാനും അവർക്ക് പാർട്ടിയെ നയിക്കാനുള്ള വിശ്വസനീയമായ അധികാരം നൽകാനും സഹായിക്കുമായിരുന്നുവെന്നും തരൂർ പറഞ്ഞു. എങ്കിലും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് കോൺഗ്രസിന് ആവശ്യമായ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാണെന്നും തരൂർ ലേഖനത്തിൽ എഴുതുന്നു.
തെരഞ്ഞെടുപ്പിന് മറ്റ് ഗുണകരമായ ഫലങ്ങളും ഉണ്ട്. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി മേധാവി സ്ഥാനത്തിന് വേണ്ടി ഒരു ഡസനിലേറെ പേർ മത്സരിച്ചു. തെരേസമേക്ക് പകരം അധികാരത്തിലെത്താനുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ബോറിസ് ജോൺസൺ ഉയർന്നുവന്നത്. കോൺഗ്രസിന് സമാനമായ സാഹചര്യം ആവർത്തിക്കുന്നത് പാർട്ടിയോടുള്ള ദേശീയ താൽപ്പര്യം വർദ്ധിപ്പിക്കുകയും കൂടുതൽ വോട്ടർമാരെ വീണ്ടും കോൺഗ്രസിലേക്ക് ആകർഷിക്കുകയും ചെയ്യും. ഇക്കാരണത്താൽ നിരവധി സ്ഥാനാർത്ഥികൾ മുന്നോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പാർട്ടിക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുന്നത് തീർച്ചയായും പൊതു താൽപ്പര്യം ഉണർത്തും. പാർട്ടിക്ക് മൊത്തത്തിൽ നവീകരണം ആവശ്യമാണെങ്കിലും, നികത്തേണ്ട ഏറ്റവും അടിയന്തര നേതൃസ്ഥാനം സ്വാഭാവികമായും കോൺഗ്രസ് അധ്യക്ഷന്റേതാണ്. പാർട്ടിയുടെ നിലവിലെ അവസ്ഥയും പ്രതിസന്ധിയെക്കുറിച്ചുള്ള ധാരണയും ദേശീയ ചിത്രവും കണക്കിലെടുക്കുമ്പോൾ, ആര് പ്രസിഡന്റ് സ്ഥാനമേറ്റാലും പ്രവർത്തകരെ ഉത്തേജിപ്പിക്കുകയും വോട്ടർമാരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നീ ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. പുതിയ പ്രസിഡന്റിന് പാർട്ടിയുടെ അസുഖം പരിഹരിക്കാനുള്ള ഒരു പദ്ധതി ഉണ്ടായിരിക്കണം, അതോടൊപ്പം ഇന്ത്യയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും ഉണ്ടായിരിക്കണം. എല്ലാത്തിനുമുപരി, ഒരു രാഷ്ട്രീയ പാർട്ടി രാജ്യത്തെ സേവിക്കാനുള്ള ഉപകരണമാണ് എന്ന തോന്നലുമുണ്ടാകണം.
ഏതായാലും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ പ്രശ്‌നപരിഹാരത്തിന് ആരോഗ്യകരമായ ഒരു മാർഗമായിരിക്കും. അത് വരാനിരിക്കുന്ന പ്രസിഡന്റിന് വാഗ്ദാനം ചെയ്യുന്ന അധികാരം നിയമാനുസൃതമാക്കുമെന്നും തരൂർ ലേഖനത്തിൽ വ്യക്തമാക്കി. സംഘടനാ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് 2020ൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി-23 നേതാക്കളിൽ ഒരാളാണ് തരൂർ.