Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ആത്മഹത്യാശ്രമം, തെലങ്കാനയില്‍ യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്- തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പൊതുയോഗത്തിനിടെ യുവാവിന്റെ ആത്മഹത്യാശ്രമം.
പെദ്ദപ്പള്ളി ജില്ലയില്‍ പൊതുയോഗത്തിനിടെ കരിംനഗര്‍ ജില്ലയിലെ ഹുസൂര്‍നഗര്‍ സ്വദേശിയായ പെരുമാണ്ടല്‍ രമേഷ് (40) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.  ബിരുദധാരിയായ രമേഷ് ജോലി ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതിനു പുറമെ അച്ഛന്റെ വിയോഗവും അമ്മയുടെ തുടര്‍ച്ചയായ അസുഖവും വിഷാദത്തിലാക്കിയെന്നും പറയുന്നു.
മുഖ്യമന്ത്രിയുടെ സഹായം തേടുന്ന കത്ത് അദ്ദേഹത്തിനു കൈമാറാനാണ് പ്രസംഗ വേദിയിലെത്തിയത്. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഒരു കുപ്പി മണ്ണെണ്ണയും കൈവശമുണ്ടായിരുന്നു. വേദിയിലേക്ക് അടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മണ്ണെണ്ണ കുപ്പിയുടെ അടപ്പ് തുറന്ന രമേശിനെ
പൊതുജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാതെ വേദിയില്‍ നിന്ന് പുറത്തിറക്കിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം പകര്‍ത്താന്‍ ശ്രമിച്ചവരുടെ മൊബൈല്‍ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഇയാള്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News