Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മണിക്കൂര്‍ ജോലിക്ക് സൗദികള്‍ തയാര്‍, കരാറുകള്‍ രണ്ടു ലക്ഷം കവിഞ്ഞു

റിയാദ് - സ്വകാര്യ സ്ഥാപനങ്ങളില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കുന്ന ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാമില്‍ ഇതുവരെ 2,40,000 ലേറെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സൗദിവല്‍ക്കരണ കാര്യങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മാജിദ് അല്‍ദുഹവി പറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും സൗദിവല്‍ക്കരണത്തിന് പിന്തുണ നല്‍കാനും സ്വദേശികളുടെ വരുമാനം വര്‍ധിപ്പിക്കാനുമാണ് ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാമിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്വദേശികളുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫഌക്‌സിബിള്‍ തൊഴില്‍ പ്ലാറ്റ്‌ഫോം സൗദി യുവതീയുവാക്കള്‍ക്ക് വഴക്കമുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും തൊഴിലാളികളുടെയും കമ്പനികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു.
തൊഴില്‍ കരാര്‍ രജിസ്‌ട്രേഷന് മിനിറ്റുകള്‍ മാത്രമാണ് എടുക്കുക. വിദ്യാര്‍ഥികളെയും പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്നവരെയും ഫഌക്‌സിബിള്‍ തൊഴില്‍ പ്ലാറ്റ്‌ഫോം തൊഴില്‍ വിപണിയില്‍ ലയിപ്പിക്കുകയും വഴക്കമുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
മുഴുവന്‍ മേഖലകളിലെയും എല്ലാ ജോലികള്‍ക്കും ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഈ പദ്ധതി സൗദി യുവതീയുവാക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാം മധ്യവര്‍ത്തികളായി ഫഌക്‌സിബിള്‍ തൊഴില്‍ പ്ലാറ്റ്‌ഫോമില്‍ 15 കമ്പനികളെ അംഗീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കും ഫഌക്‌സിബിള്‍ തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും ഇടയിലെ മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനികളാണ് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കി നല്‍കുന്നത്. മധ്യവര്‍ത്തി കമ്പനികള്‍ ഈടാക്കുന്ന ഫീസില്‍ ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാം ഇടപെടുന്നില്ല. ഇവ കരാറില്‍ ഏര്‍പ്പെടുന്ന കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണ് നിശ്ചയിക്കുന്നത്.
സേവനം നല്‍കാന്‍ മധ്യവര്‍ത്തി കമ്പനികളില്‍നിന്ന് മന്ത്രാലയം ഫീസുകളൊന്നും ഈടാക്കുന്നില്ല. ഫഌക്‌സിബിള്‍ തൊഴില്‍ രീതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന 5000 ലേറെ കമ്പനികളും പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫഌക്‌സിബിള്‍ തൊഴില്‍ രീതിയിലെ മിനിമം വേതനം മണിക്കൂറിന് 25 റിയാലായി മന്ത്രാലയം നിര്‍ണയിച്ചിട്ടുണ്ട്. പദ്ധതി ഗുണഭോക്താക്കളായ സ്വദേശി തൊഴിലാളികളുടെ പരമാവധി തൊഴില്‍ സമയം മാസത്തില്‍ 95 മണിക്കൂറായും നിശ്ചയിച്ചിട്ടുണ്ട്. മിനിമം തൊഴില്‍ സമയം നിര്‍ണയിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താനോ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളെന്നോണം രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല.
പതിനഞ്ചു മുതല്‍ 65 വരെ വയസ്സ് പ്രായമുള്ളവര്‍ക്ക് ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാമിലൂടെ സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ജോലി സ്വീകരിക്കാവുന്നതാണ്. പദ്ധതി പ്രയോജനപ്പെടുത്തി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ല. ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കാനുള്ള ചോയ്‌സ് എന്നോണം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താവുന്നതാണ്. പദ്ധതിയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനും വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍വകലാശാലകളുമായി ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാം ആശയവിനിമയം നടത്തുന്നുണ്ട്. ഫഌക്‌സിബിള്‍ തൊഴില്‍ പ്രോഗ്രാം പ്രയോജനപ്പെടുത്തി ജോലിക്കു വെക്കുന്ന സൗദി യുവതീയുവാക്കളെ സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ മൂന്നിലൊന്ന് സൗദി ജീവനക്കാരന് തുല്യമായാണ് കണക്കാക്കുകയെന്നും എന്‍ജിനീയര്‍ മാജിദ് അല്‍ദുഹവി പറഞ്ഞു.

 

Latest News