വിമാനത്താവളങ്ങളിലെ ചായയുടെ വിലയില്‍  ഇടപെടാനാകില്ല-  സുപ്രീംകോടതി

ന്യൂദല്‍ഹി- ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ചായയും ചെറുപലഹാരങ്ങളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന് ഈ ആവശ്യവുമായി ബന്ധപ്പെട്ട് മറ്റ് വേദികളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും ചായയും, കാപ്പിയും, ചെറുകടികളും പതിനഞ്ച് മുതല്‍ ഇരുപത് രൂപ നിരക്കില്‍ വില്‍ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 2020 ഓഗസ്റ്റില്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.വിമാത്താവളങ്ങളിലെ കഫറ്റീരികളിലെ വിലനിര്‍ണയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ ദേബാശിഷ് ബെറൂഖ ഹാജരായി.
 

Latest News