റിയാദ് - സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ഇല്ലാതെ പാസ്‌പോർട്ടും അനുബന്ധ രേഖകളും സമർപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ ബ്ലാക്ക് ലിസ്റ്റിലുൾപ്പെടുത്തുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. പി.സി.സി നിർബന്ധമാക്കിയ ശേഷം അക്കാര്യം ഗൗരവത്തിലെടുക്കാതെ ചില ഏജൻസികൾ വിസ സ്റ്റാമ്പിംഗിന് പതിവ് രേഖകൾ മാത്രം സമർപ്പിച്ചതിനെ തുടർന്നാണ് കോൺസുലേറ്റിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 22 നാണ് വിസ സ്റ്റാമ്പിംഗിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മുംബൈ സൗദി കോൺസുലേറ്റ് നിർബന്ധമാക്കിയത്. ഇക്കാര്യം നേരത്തെ എല്ലാ റിക്രൂട്ട്‌മെന്റ് ഏജൻസികളെയും കോൺസുലേറ്റ് അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 22 മുതൽ പി.സി.സി ഇല്ലാതെ ഏജന്റുമാർ സമർപ്പിച്ച മുഴുവൻ പാസ്‌പോർട്ടുകളും കോൺസുലേറ്റ് തിരിച്ചയച്ചു. പി.സി.സി ഇല്ലാതെ വിസ സ്റ്റാമ്പ് ചെയ്യില്ലെന്ന കർശന നിലപാടാണ് കോൺസുലേറ്റ് സ്വീകരിച്ചിരിക്കുന്നത്.
ഇതു മൂലം കഴിഞ്ഞ ഒരാഴ്ചയായി സൗദിയിലേക്കുളള വിസ സ്റ്റാമ്പിംഗ് തോത് നന്നേ കുറവാണ്. നേരത്തെ ആളുകളിൽ നിന്ന് സ്വീകരിച്ചിരുന്ന പാസ്‌പോർട്ടുകളെല്ലാം ഏജൻസികൾ തിരിച്ചുനൽകുകയും ചെയ്തു. ഇപ്പോൾ അവരോടെല്ലാം പി.സി.സിക്ക് വേണ്ടി അപേക്ഷിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഏജൻസികൾ. ഈ പാസ്‌പോർട്ടുടമകൾക്ക് പി.സി.സി ലഭിച്ച ശേഷമേ വിസ സ്റ്റാമ്പിംഗ് നടപടികൾ ആരംഭിക്കുകയുള്ളൂ.
ന്യൂദൽഹിയിലെ സൗദി എംബസിയിൽ സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പി.സി.സി നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നുവെങ്കിലും മുംബൈ കോൺസുലേറ്റ് അക്കാര്യം കർശനമാക്കിയിരുന്നില്ല. ഓൺലൈനിൽ അപേക്ഷ നൽകി പി.സി.സി ലഭിക്കാൻ 20 ദിവസം വരെ എടുക്കുമെന്ന് പാസ്‌പോർട്ട് ഓഫീസ് അറിയിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് ഈ സമയ പരിധിക്കുള്ളിൽ പി.സി.സി ലഭിക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു മാസം കഴിഞ്ഞ് മാത്രമേ തീയതി ലഭിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിംഗ് സാധാരണ ഗതിയിലാവാൻ ഇനിയും ഒരു മാസം കൂടി എടുക്കുമെന്ന് വ്യക്തം.
അതേസമയം സൗദിയിൽ നിന്ന് ഇന്ത്യൻ പി.സി.സി എടുക്കാൻ സൗകര്യമുണ്ട്. ഇന്ത്യൻ പാസ്‌പോർട്ട് വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ പി.സി.സിക്ക് അപേക്ഷ നൽകി അപ്പോയിന്റ്‌മെന്റെടുത്ത് പാസ്‌പോർട്ട് കോപ്പി, ഇഖാമ കോപ്പി, ഫോട്ടോ എന്നിവ സഹിതം വി.എഫ്.എസിൽ നേരിട്ട് ഹാജരാകണം. രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റ് വി.എഫ്.എസിലെത്തും. അത് നേരിട്ട് പോയി കൈപ്പറ്റണം. ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ തൊഴിൽ വിസയിൽ വരാനുദ്ദേശിക്കുന്നവർക്ക് ഇത് ഏറെ ഉപകാരപ്രദമാകും. നാട്ടിലെത്തിയാൽ ഉടൻ തന്നെ വിസ സ്റ്റാമ്പിംഗ് നടപടികളിലേക്ക് പ്രവേശിക്കാനാവും.