മുംബൈ- സ്‌പൈസ് ജെറ്റ് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് ശേഷം ടയറുകളിലൊന്ന് കാണാനില്ല. വിമാനത്തിന്റെ ടയര്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയെന്ന് സ്‌പൈസ് ജെറ്റ് തന്നെയാണ് പത്രക്കുറിപ്പില്‍ അറിയിച്ചത്.
ദല്‍ഹിയില്‍നിന്ന് വന്ന വിമാനത്തില്‍നിന്ന് യാത്രക്കാരെ സാധാരണ രീതിയില്‍ ഇറക്കിയതായി സ്‌പൈസ് ജെറ്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.
സ്‌പൈസ് ജെറ്റ് 737-800 ദല്‍ഹി-മുംബൈ വിമാനം റണ്‍വേ 27 ല്‍ സുരക്ഷിതമായാണ് ഇറക്കിയത്. ലാന്‍ഡിംഗില്‍ റണ്‍വേ കഴിഞ്ഞതിന് ശേഷമാണ് ഒരു ടയര്‍ കാണാതായത്. തീയോ പുകയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉപദേശിച്ചതനുസരിച്ച് വിമാനം നിര്‍ദിഷ്ട ബേയില്‍ പാര്‍ക്ക് ചെയ്തു. ലാന്‍ഡിംഗ് സമയത്ത് ക്യാപ്റ്റന് അസ്വാഭാവികതയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും എയര്‍ലൈന്‍ പറഞ്ഞു.