ഷാര്‍ജ- യുഎഇയില്‍ താമസ വിസയില്ലാത്തവര്‍ക്കും വസ്തു വാങ്ങാന്‍ അനുമതി നല്‍കുന്ന പരിഷ്‌ക്കരണം ഷാര്‍ജയില്‍ നടപ്പാക്കി. റിയല്‍എസ്റ്റേറ്റ് രംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണീ മാറ്റം. വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള അനുമതി 2014-ലാണ് ആദ്യമായി ഷാര്‍ജയില്‍ നടപ്പിലാക്കിയത്. യുഎഇ റെസിഡന്റ് വീസ ഇതിനു നിര്‍ബന്ധമായിരുന്നു. ഈ നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു. നിശ്ചിത പ്രദേശങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപത്തിന് അവസരം നല്‍കിയ ആദ്യ പദ്ധതികളിലൊന്നാണ് തിലാല്‍ പ്രൊപര്‍ട്ടീസ് പദ്ധതി. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഷാര്‍ജ അസറ്റ് മാനേജ്‌മെന്റും സ്വകാര്യ കമ്പനിയായ എസ്‌കന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റും ചേര്‍ന്നാണ് തിലാല്‍ പ്രോപര്‍ട്ടീസ് പദ്ധതി നടത്തുന്നത്. ഇവിടെ തിലാല്‍ സിറ്റി പദ്ധതിയില്‍ വിദേശികള്‍ക്ക് ഭൂമി 100 വര്‍ഷം വരെ പാട്ടത്തിന് നല്‍കാന്‍ അനുമതിയുണ്ട്. സര്‍ക്കാരിന്റെ പുതിയ ചട്ടം പ്രകാരം തിലാല്‍ സിറ്റിയില്‍ യുഎഇ വിസ ഇല്ലാത്ത വിദേശികള്‍ക്കും നിക്ഷേപമിറക്കാന്‍ കഴിയുമെന്ന് തിലാല്‍ പ്രൊപര്‍ട്ടീസ് മേധാവി ഖലീഫ അലി ശൈബാനി പറഞ്ഞു.
ഈ മാറ്റം റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇല്‍ വരാതെയും വിദേശികള്‍ക്ക് ഷാര്‍ജയില്‍ നിക്ഷേപിക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. വിദേശത്തിരിന്നും ഇവിടെ നിക്ഷേപമിറക്കി മികച്ച വരുമാനം നേടാം, അദ്ദേഹം പറഞ്ഞു. ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് വിപണി സുസ്ഥിരമാണെന്നും മികച്ച ഭാവിയുള്ള വിപണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.