കതുവ- എട്ടു വയസ്സുകാരി ബാലിക ക്രൂര ബലാല്‍സംഗംത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ക്കിടെ കതുവ ജില്ലാ പോലീസ് സീനിയര്‍ സുപ്രണ്ട് (എസ് എസ് പി) സുലൈമാന്‍ ചൗധരിയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ശ്രീധര്‍ പാട്ടീലാണ് പുതിയ എസ് സ് പി. ഇതു പതിവു സ്ഥലം മാറ്റമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കതുവ പീഡനക്കൊല കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ പോലീസിനെതിരായ കണ്ടെത്തലിനു തൊട്ടു പിറകെയാണിത്.
ബാലികയെ തട്ടിക്കൊണ്ടു പോയി ഒളിപ്പിക്കാനും ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്താനും പദ്ധതിയിട്ട മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മുഖ്യ പ്രതി സാന്‍ചി റാം പ്രാദേശിക പോലീസിന് മൂന്ന് ലക്ഷം രൂപ കൈക്കൂലി നല്‍കി കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തന്നെയും കൂട്ടു പ്രതികളേയും കേസില്‍ നിന്ന് രക്ഷിക്കാന്‍ മൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ പോലീസിനു കൈക്കൂലി നല്‍കിയത്. ഈ പണം സ്വീകരിച്ച എസ് ഐ ആനന്ദ് ദത്ത, കോണ്‍സ്റ്റബ്ള്‍ തിലക് രാജ് എന്നീ പോലീസുകാര്‍ കേസില്‍ പ്രതികളാണ്. കള്ളക്കഥ ചമച്ച് കേസ് വഴിതിരിച്ചുവിടാന്‍ ഇവര്‍ ശ്രമിച്ചതായും കണ്ടെത്തിയിരുന്നു.