അഹമ്മദാബാദ്-ഭാര്യയും രണ്ട് മക്കളും ഇസ്‌ലാം മതം സ്വീകരിക്കുകയും വേര്‍പിരിഞ്ഞ് താമസിക്കുകയും ചെയ്തതില്‍ മനംനൊന്ത് ഗുജറാത്ത് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഹരേഷ് സോളങ്കിയാണ് ഭാര്യയെയും കുട്ടികളെയും ഇസ്‌ലാം മതം സ്വീകരിക്കാന്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയെന്ന് കുറിപ്പ് എഴുതിവെച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സുഹൈല്‍ ശൈഖിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
രണ്ട് പ്രതികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പാലന്‍പൂര്‍ (ഈസ്റ്റ്) പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബനസ്‌കന്തയിലെ ദീസ താലൂക്കിലെ മല്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള സോളങ്കിയാണ് വിഷം കഴിച്ചത്. ഇയാള്‍ പാലന്‍പൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില അതീവഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച സോളങ്കിയുടെ പക്കല്‍ കണ്ടെടുത്ത കുറിപ്പില്‍ തന്റെ മാനസികാവസ്ഥയ്ക്ക് ഉത്തരവാദി ശൈഖിന്റെ കുടുംബാംഗങ്ങളാണെന്ന് വെളിപ്പെടുത്തിയതായി പാലന്‍പൂര്‍ (ഈസ്റ്റ്) പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.
സോളങ്കിയുടെ കുടുംബാംഗങ്ങളെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രതികള്‍ 'മസ്തിഷ്‌ക പ്രക്ഷാളനം' നടത്തിയെന്ന് ആരോപിച്ച് സോളങ്കിയുടെ സഹോദരന്‍ രാജേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മാറി താമസിക്കുന്നതെന്ന് സോളങ്കിയുടെ ഭാര്യയും മക്കളും ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ മൊഴി നല്‍കി.
സോളങ്കിയുടെ മകള്‍ ആദ്യം അവളുടെ കോളേജിലെ ഐജാസ് ശൈഖുമായി അടുത്തിരുന്നു. ഇവരുടെ സൗഹൃദത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ അവള്‍ അവനോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതയായി. പിന്നീട് അമ്മയും സഹോദരനും അവളെ പിന്തുണച്ചുവെന്നും മൂവരും നമസ്‌കാരം തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. കൂട്ടുകുടുംബത്തിലെ ചിലര്‍ എതിര്‍ത്തതോടെ സോളങ്കിയുടെ ഭാര്യയും മകളും മകനും വീട് വിട്ട് ശൈഖ് കുടുംബത്തിന്റെ പിന്തുണയോടെ വേറിട്ട് താമസം തുടങ്ങി.
എന്നാല്‍, പിന്നീട് ഇവരെ കണ്ടെത്താനായില്ലെന്നും ശൈഖ് കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ വീണ്ടും ഒന്നിപ്പിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഇസ്ലാം മതം സ്വീകരിച്ചാല്‍ സോളങ്കിക്ക് കുടുംബത്തെ കാണാനും ജീവിക്കാനും കഴിയുമെന്നും അവര്‍ പറഞ്ഞതായി പരാതിയില്‍ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ശൈഖ് കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.