Sorry, you need to enable JavaScript to visit this website.

ഹിജാബ് വിലക്ക് കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്, ഹരജിക്കാര്‍ക്ക് വിമര്‍ശം

ന്യൂദല്‍ഹി- കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധം നീക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.

ഹരജികളില്‍ കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസറ്റിസ് സുധാന്‍ഷു ധുലിയ എന്നിവരുടെ ബെഞ്ച് കേസ് സെപ്റ്റംബര്‍ അഞ്ചിലേക്ക് മാറ്റി.
ഒരേ സമയം കേസില്‍ വേഗം വാദം കേള്‍ക്കണമെന്നും തയാറെടുപ്പിനു സമയം വേണമെന്നും ആവശ്യപ്പെട്ട ഹരജിക്കാരെ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.
പരീക്ഷകള്‍ അടുത്തുവരുന്നതിനാല്‍ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ഹരജിക്കാര്‍ അഭിഭാഷകന്‍ മുഹമ്മദ് നിസാമുദ്ദീന്‍ പാഷ വഴി ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാഷയും മറ്റു അഭിഭാഷകരും കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ തയാറെടുപ്പ് നടത്താതെയാണോ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് സുപീം കോടതി പാഷയോടും മറ്റു അഭിഭാഷകരോടും ചോദിച്ചു.
അതേസമയം, കേസില്‍ മറുപടി സത്യാവങ്മൂലത്തിന്റെ ആവശ്യമില്ലെന്നാണ് നോട്ടീസ് സ്വീകരിച്ചുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്. നിയമത്തെ ചോദ്യം ചെയ്യുന്ന കേസായതിനാല്‍ കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന് ഹരജിക്കാര്‍ ആറു തവണ ആവശ്യപ്പെട്ട കാര്യവും അദ്ദേഹം ഉണര്‍ത്തി.
സര്‍ക്കാരിന്റെ ചിറ്റമ്മ നയമാണ് ഒരു വിഭാഗം വിദ്യാര്‍ഥികളുടെ മതാചാരം തടയപ്പെടാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും കാരണമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ ഒന്നില്‍ പറയുന്നു.

 

Latest News