റാഞ്ചി- കഴിഞ്ഞ ദിവസം പുറത്തു വന്ന ജാർഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മുന്നേറ്റം. സംസ്ഥാനത്ത് ആദ്യമായ തെരഞ്ഞെടുപ്പിൽ മത്സരിച്ച ലീഗിന് വിവിധ കോർപറേഷനുകളിലും മുനിസിപാലിറ്റികളിലും പ്രാതിനിധ്യം ലഭിച്ചു. ഗിരിഡി കോർപറേഷനിലേക്കു മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ആറു പേർ ജയിച്ചു. വാർഡ് 4ൽ മുസ്തഫ മിർസ, വാർഡ് 5ൽ നൂർ മുഹമ്മദ്, വാർഡ് 7ൽ നാജിയ പർവീൻ, വാർഡ് 8ൽ ഉബൈദുല്ല എന്ന ബാബു, വാർഡ് 19ൽ നജ്മ ഖാത്തൂൻ, വാർഡ് 26ൽ സൈഫുള്ള ഗുഡ്ഡു എന്നിവരാണ് ജയിച്ചത്.
മധുപുർ മുൻസിപ്പാലിറ്റിയിൽ രണ്ടു വാർഡുകളിലും രാംഗഡ് മുൻസിപ്പാലിറ്റിയിൽ ഒരു വാർഡിലും ലീഗ് സ്ഥാനാർത്ഥികൾ വലിയ ഭൂരപക്ഷത്തോടെയാണ് ജയിച്ചത്. ഗൊഡ്ഡ, രാംഗഡ്, റാഞ്ചി, ഗിരിടി, മധുപുർ, പാകുർ എന്നിവിടങ്ങളിലെ മേയർ, ഡെപ്യൂട്ടി മേയർ, ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനാർത്ഥികൾ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും മുസ്‌ലിം ലീഗ് അവകാശപ്പെട്ടു. ഗൊഡ്ഡ, മധുപുർ, രാംഗഡ് എന്നിവിടങ്ങളിലെ വോട്ടിംഗ് സ്ഥിതി പാർട്ടിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചതിന് തെളിവാണെന്ന് പാർട്ടി വിലയിരുത്തുന്നു. പേരിനു പോലും സംഘടന സംവിധാനമില്ലാത്ത ഗിരിടി, മധുപുർ, ഗൊഡ്ഡ എന്നിവിടങ്ങളിൽ വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ടാണ് മുസ്‌ലിം ലീഗ് മികച്ച പ്രകടനം കാഴ്ചവച്ചത്. ജയിച്ച സ്ഥാനാർഥികൾ അടുത്തിടെ മറ്റു പല പാർട്ടികളിൽനിന്നും രാജിവെച്ചു മുസ്‌ലിം ലീഗിൽ ചേർന്നവരാണ്.
ഇടി മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിലാണ് പാർട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായത്. നിരവധി ജീവകാരുണ്യ, പിന്നാക്ക ക്ഷേമ പരിപാടികളുമായി ജാർഖണ്ഡിൽ ഏതാനും വർഷമായി ലീഗ് സജീവമായി വരികയാണ്. ദലിത് സമൂഹത്തിന്റെ വലിയ പിന്തുണ ആർജ്ജിക്കാനും ലീഗ് കഴിഞ്ഞതായി നേരത്തെ ബഷീർ പറഞ്ഞിരുന്നു.