തൊടുപുഴ- കുടയത്തൂര്‍ സംഗമം മാളിയേക്കല്‍ കോളനിക്ക് മുകളില്‍ ഉരുള്‍ പൊട്ടി. ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. 10.30 ഓടെ അഞ്ച് ജഡങ്ങളും കണ്ടെടുത്തു. ചിറ്റടിചാലില്‍ സോമന്, ഭാര്യ ജയ, മകള്‍ ഷിമ, ഷിമയുടെ കുട്ടി ദേവാനന്ദ് (4), സോമന്റെ അമ്മ തങ്കമ്മ എന്നിവരാണ് ഒലിച്ചു പോയത്. വീട് പൂര്‍ണമായി തകര്‍ന്നു. ആദ്യം തങ്കമ്മയുടെ ജഡം കിട്ടി. പിന്നാലെ ഷിമയുടെ കുട്ടി ദേവാനന്ദിന്റെയും ഷിമയുടെയും മൃതദേഹം കിട്ടി. സോമന്റെയും ജയയുടെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെ 10.30 ഓടെ ഡോഗ് സ്ക്വാഡ് കണ്ടെടുത്തു. ഫയര്‍ ഫോഴ്സും,നാട്ടുകാരും എന്‍ ഡി ആര് എഫും തെരച്ചില്‍ നടത്തി.റവന്യു മന്ത്രി കെ. രാജന്, ഡീന്‍ കുര്യാക്കോസ്സ് എം.പി എന്നിവര്‍ സ്ഥലത്ത് എത്തി. മന്ത്രി റോഷി അഗസ്റ്റിന് ഉച്ചയോടെ എത്തും. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്ത മഴയായിരുന്നു. പുലര്‍ച്ചെയോടെയാണ് ഉരുള്‍ പൊട്ടിയത്.