ഇൻഡോർ- മധ്യപ്രദേശിലെ ഇൻഡോറിൽ തെരുവിൽ മതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന നാലു മാസം മാത്രം പ്രായമുള്ള പിഞ്ചു പെൺകുട്ടിയെ യുവാവ് ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി. ബലൂൺ വിൽപ്പനക്കാരായ മാതാപിതാക്കൾ കുഞ്ഞിനൊപ്പം രാജ്വാഡ കോട്ടയുടെ സമീപം തെരുവിലാണ് ഉറങ്ങിയിരുന്നത്. പ്രതിയെന്ന് കരുതപ്പെടുന്ന ഇവരുടെ ബന്ധുകൂടിയായ 21കാരനായ സുനിർ ഭീലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈക്കിളിലെത്തി ഇയാൾ കുഞ്ഞിനെ എടുത്ത് സമീപത്തെ കെട്ടിടത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പൈതൃക കെട്ടിടമായ ശിവ വിലാസ് പാലസിന്റെ അടിത്തട്ടിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. കുഞ്ഞിന്റെ തലയിലും രഹസ്യഭാഗങ്ങളിലും മുറിവേറ്റ പാടുണ്ട്. തലയിയേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. ലൈംഗികാതിക്രമം നടന്നായും സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ 4.45നാണ് കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോകുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് മൃതദേഹം ലഭിച്ചത്. സംഭവം ഉന്നതാധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ സറാഫ പോലീസ് സ്‌റ്റേഷനിലെ എസ് ഐ ത്രോലിക് സിങ് വർകഡെയെ സസ്‌പെൻഡ് ചെയ്തു. കതുവയിൽ കൊല്ലപ്പെട്ട ഇരയെ പോലെ ഈ കുടുംബവും നാടോടികളാണ്.