ന്യൂദൽഹി- നോയിഡയിലെ വിവാദ പാർപ്പിട സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. നോയിഡയിലെ സൂപ്പർടെക് ഇരട്ട ടവറുകളാണ് വൻ സ്‌ഫോടനത്തിലൂടെ തകർത്തത്. ഒൻപത് സെക്കന്റുകൊണ്ടാണ് കെട്ടിടം തകർത്തത്. ഒൻപതു കൊല്ലത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കെട്ടിടം പൊളിച്ചുമാറ്റാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
സ്‌ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രദേശം ഒഴിപ്പിക്കുകയും സമീപത്തെ കെട്ടിടങ്ങളെ സ്‌ഫോടനം ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
രണ്ട് ടവറുകളിലും 3700 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. കെട്ടിടങ്ങളുടെ തൂണുകളിലെ 7,000 ദ്വാരങ്ങളിൽ സ്‌ഫോടകവസ്തുക്കൾ തിരുകുകയും 20,000 സർക്യൂട്ടുകൾ സ്ഥാപിക്കുകയും ചെയ്തു. 'വെള്ളച്ചാട്ടത്തിന്റെ സാങ്കേതികത' എന്ന് വിളിക്കപ്പെടുന്ന ടവറുകൾ നേരെ താഴേക്ക് വീഴുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്.
ഇന്ന് രാവിലെ പ്രദേശത്തെ ഏഴായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. സമീപത്തെ കെട്ടിടങ്ങളിലെ ഗ്യാസും വൈദ്യുതിയും വിതരണം നിർത്തിവെച്ചു. വൈകുന്നേരം 4 മണിയോടെ അവ പുനഃസ്ഥാപിക്കുകയും 5.30 ഓടെ താമസക്കാരെ തിരിച്ചുപ്രവേശിപ്പിക്കും. ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ്‌വേയിൽ 450 മീറ്റർ നോ ഗോ സോണിനുള്ളിലെ ഗതാഗതം നിർത്തിവച്ചു.