Sorry, you need to enable JavaScript to visit this website.

കേരള മന്ത്രിസഭയിലേക്ക് പുതുതായി രണ്ടു പേർ, ഉടനില്ലെന്ന് ഗോവിന്ദൻ

തിരുവനന്തപുരം- എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിൽ എത്തുന്നതോടെ മന്ത്രിസഭയിലേക്ക് പുതുതായി രണ്ടു പേർ എത്തും. നേരത്തെ സജി ചെറിയാൻ രാജിവെച്ച ഒഴിവും മന്ത്രിസഭയിലുണ്ട്. എം.ബി രാജേഷിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കും എന്നാണ് സൂചന. കെ.കെ ശൈലജയെയും പരിഗണിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന എല്ലാവരെയും ഒഴിവാക്കി എന്ന തീരുമാനം മാറ്റാനുള്ള സാധ്യത കുറവാണ്. രാജേഷിനെ സ്പീക്കർ സ്ഥാനത്ത്‌നിന്ന് മാറ്റി മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് നീക്കം. 
കണ്ണൂരിൽ സി.പി.എം സെക്രട്ടറിയും എറണാകുളത്ത് താൽക്കാലിക സെക്രട്ടറിയുമായുമെല്ലാം പ്രവർത്തിച്ച ഗോവിന്ദൻ മൂന്നു തവണ എം.എൽ.എ ആയിട്ടുണ്ട്. ഇതാദ്യമായാണ് മന്ത്രിസഭയിൽ എത്തിയത്. 
അതേസമയം, മന്ത്രിസ്ഥാനം ഒഴിയുന്നത് പിന്നീട് തീരുമാനിക്കുമെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. നേരത്തെ പിണറായി വിജയൻ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായത്. സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുത്ത പിണറായി വിജയൻ അധികം വൈകാതെ മന്ത്രി സ്ഥാനം രാജിവെച്ചു. സമാനമായ മാറ്റം ഗോവിന്ദന്റെ കാര്യത്തിലും ഉണ്ടായേക്കും. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് പുതിയ മന്ത്രിസഭയെ പറ്റി മോശം വിലയിരുത്തലുള്ള സഹചര്യത്തിൽ മന്ത്രിസഭയിലും കാര്യമായ മാറ്റമുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരുടെ പദവികൾ മാറ്റുന്നതും ആലോചനയുണ്ട്. 
അനാരോഗ്യം മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദം ഒഴിയുന്നത്. സി.പി.എം സംസ്ഥാന സമിതി ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ പങ്കെടുത്തിരുന്നു. വീട്ടിൽ വിശ്രമിക്കുന്ന കോടിയേരിയെ യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും വീട്ടിലെത്തി സന്ദർശിച്ചു. എം.എ ബേബിയും കൂടെയുണ്ടായിരുന്നു. 


 

Latest News