ശ്രീനഗര്‍- ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം ഒരുമിച്ചിരുന്ന് കാണരുതെന്നും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യരുതെന്നും ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) അധികൃതർ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
മത്സരം നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച മുറികളില്‍ തന്നെ തുടരാന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്രിക്കറ്റ് പരമ്പര നടക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. സ്‌പോര്‍ട്‌സ് ഒരു ഗെയിമായി എടുക്കാനും ഇന്‍സ്റ്റിറ്റിയൂട്ടിലും ഹോസ്റ്റലിലും ഒരു തരത്തിലുള്ള അച്ചടക്കരാഹിത്യവും ഉണ്ടാക്കരുതെന്നുമാണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഞായറാഴ്ചത്തെ മത്സരം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച മുറികളില്‍ തന്നെ തുടരണമെന്നും മറ്റ് വിദ്യാര്‍ത്ഥികളെ മുറികളില്‍ പ്രവേശിക്കാനും ഒരുമിച്ചിരുന്ന് മത്സരം കാണാനും അനുവദിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏതെങ്കിലും മുറിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മത്സരം കണ്ടാല്‍ ആ മുറി അനുവദിച്ചിരിക്കുന്ന വിദ്യാര്‍ഥിയെ ഇന്‍സ്റ്റിറ്റിയൂട്ട് ഹോസ്റ്റലില്‍ നിന്ന് ഡീബാര്‍ ചെയ്യുമെന്നും ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞത് 5,000 രൂപ പിഴ ചുമത്തുമെന്നും എന്‍ഐടി നോട്ടീസില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മത്സരവുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സരം നടക്കുന്ന സമയത്തോ തൊട്ടുടനെയോ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2016ല്‍, ടി20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ തോറ്റതിനെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇത് ദിവസങ്ങളോളം എന്‍ഐടി അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു.