പനാജി-ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു ലഹരി വിതരണക്കാരന്‍ കൂടി അറസ്റ്റിലായി. രാമ മന്ദ്രേക്കര്‍ എന്നയാളെ ഗോവയിലെ അഞ്ജുന പോലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ബി.ജെ.പി നേതാവിന് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവരുടെ സഹായികള്‍ ലഹരി മരുന്നായ മെതാംഫെറ്റാമൈന്‍ നല്‍കിയതായി ഗോവ പോലീസ് ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു.
ഫോഗട്ടിന്റെ സഹായികളായ സുധീര്‍ സാഗ്വാന്‍, സുഖ്‌വീന്ദര്‍ സിംഗ് എന്നിവരേയും ഇവര്‍ക്ക് ലഹരി മരുന്ന് എത്തിച്ച ദത്തപ്രസാദ് ഗാവോങ്കറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 22, 23 തീയതികളില്‍ സൊണാലി ഫോഗട്ടും സഹായികളും പാര്‍ട്ടിയില്‍ പങ്കെടുത്ത നോര്‍ത്ത് ഗോവ ജില്ലയിലെ കുര്‍ലീസ് റെസ്‌റ്റോറന്റിന്റെ ഉടമ എഡ്വിന്‍ നൂണ്‍സും അറസ്റ്റിലായി.
ഫോഗട്ടിന് ലഹരി മരുന്ന് നല്‍കിയെന്നും ഇതിന്റെ അവശിഷ്ടം ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദാല്‍വി പറഞ്ഞു.
തങ്ങള്‍ താമസിച്ചിരുന്ന അഞ്ജുനയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ലിയോണി റിസോര്‍ട്ടില്‍ റൂം ബോയ് ആയി ജോലി ചെയ്തിരുന്ന ഗാവോങ്കറില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് നേരത്തെ അറസ്റ്റിലായ സാഗ്വാനും സുഖ്‌വീന്ദര്‍ സിങ്ങും പോലീസിനോട് പറഞ്ഞു.