തിരുവനന്തപുരം- നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ തടി പോരെന്നായിരുന്നു അന്ന് മാസ് ഡയലോഗ്. ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ ഷിബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.
2018 ഒക്ടോബറിലാണ് സംസ്ഥാന സര്‍ക്കാരിനെ തഴെയിടാനുള്ള ശേഷി അമിത് ഷായുടെ തടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പ്രസംഗമധ്യേ പറഞ്ഞത്. വലിച്ച് താഴെയിട്ട് കളയാം എന്നാണ് ബി.ജെ.പിയുടെ തലതൊട്ടപ്പന്‍ വിചാരിക്കുന്നത്. അതിന് ആ തടി പോരാ. കണ്ടിട്ട് വെള്ളം കൂടുതലുള്ള തടിയാണെന്ന് തോന്നുന്നെന്നും അന്ന് പാലക്കാട്ട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ പിണറായി പരിഹസിച്ചിരുന്നു.
അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനായിരുന്നു അന്ന് മുഖ്യമന്ത്രി അത്തരത്തില്‍ മറുപടി നല്‍കിയത്. വെറും 1,500 പാര്‍ട്ടിക്കാരെയും പോലീസിനെയും വെച്ച് ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തടയാനും തകര്‍ക്കാനും ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാനും ബി.ജെ.പി. മടിക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. കണ്ണൂര്‍ താളിക്കാവില്‍ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
പുന്നമടക്കായലില്‍ സെപ്റ്റംബര്‍ നാലിനു നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരിക്കുന്നത്. ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. 23നാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നയച്ചത്. തെലങ്കാനയുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്. അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനെത്തുമ്പോള്‍ നെഹ്രുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.