Sorry, you need to enable JavaScript to visit this website.

തൃക്കാക്കരയിലെ തോൽവിക്കു  കാരണം സിൽവർലൈനെന്ന് സി.പി.ഐ

കൊച്ചി- കെ-റെയിൽ നടപ്പാക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പിടിവാശിയും സിൽവർലൈൻ പദ്ധതിയുമാണ് തൃക്കാക്കരയിലെ തോൽവിക്കു കാരണമെന്ന് സി.പി.ഐയുടെ വിമർശനം. 
എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുകയാണെന്ന് വിമർശനമുയർന്നു. സി.പി.എമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തുന്നുവെന്നും ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ വിമർശമുയർന്നു. മന്ത്രിസഭാ തീരുമാനങ്ങളെയും ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശിച്ചു. സിൽവർ ലൈൻ വിഷയത്തിലടക്കം സർക്കാരിന് വീഴ്ചയുണ്ടായി. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയ രീതി ശരിയല്ല. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തി. റവന്യൂ ഓഫീസിൽ ചെന്നാൽ എല്ലാത്തിനും കാലതാമസമുണ്ടാകുന്നുവെന്നും ഭൂമി തരം മാറ്റൽ വിഷയത്തിലും പട്ടയ വിതരണത്തിലും നിരവധി പോരായ്മകളുണ്ടെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.വി തോമസ് എത്തിയത് എൽ.ഡി.എഫിന് തിരിച്ചടിയായി. എൽ.ഡി.എഫിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായ തീരുമാനമായാണ് കെ.വി തോമസെത്തിയതിനെ വോട്ടർമാർ കണ്ടത്. കെ-റെയിൽ നടപ്പാക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പാലാരിവട്ടം പ്രസംഗവും, തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി സഭാ സ്ഥാനാർഥിയാണെന്ന പ്രചാരണവും തിരിച്ചടിയായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. അതേസമയം കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുത്ത് ജീവനക്കാർക്ക് തൊഴിലും സാധാരണക്കാർക്ക് യാത്ര#ാ സൗകര്യവും ഉറപ്പുവരുത്തണമെന്ന് സി.പി.ഐ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ന് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും. നിലവിലുള്ള ജില്ലാ സെക്രട്ടറി പി.രാജുവിന് പകരം ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നുള്ള കെ.എൻ സുഗതനാണ് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നാണ് സൂചന.
 

Latest News