ന്യൂദല്‍ഹി- ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജയിലിലടച്ച 11 കാപാലികരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിച്ചതിനെതിരെ 130 ലെറെ മുന്‍ സിവില്‍ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതി.
ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ശിക്ഷാ ഇളവ് റദ്ദാക്കണമെന്നും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേരെ ജീവപര്യന്തം ശിക്ഷ അനുഭവിക്കാന്‍ ജയിലിലേക്ക് തിരിച്ചയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനത്തില്‍ ഗുജറാത്തില്‍ സംഭവിച്ചതില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളേയും പോലെ തങ്ങളും അസ്വസ്ഥരാണെന്ന് കത്തില്‍ പറയുന്നു.
ദല്‍ഹി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കര്‍ മേനോന്‍, സുജാത സിംഗ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള എന്നിവരടക്കം 134 പേരാണ് കത്തില്‍ ഒപ്പിട്ടത്.
ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
11 പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാന്‍ വിഷയം മാറ്റിവെച്ചിരിക്കയാണ്.
കുറ്റവാളികളുടെ മോചനം രാജ്യത്തെ തന്നെ പ്രകോപിപ്പിച്ചതായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അഗാധമായി വിഷമിക്കുന്നതിനാലും ഭയാനക തെറ്റായ തീരുമാനം തിരുത്താനുള്ള അധികാരവും ഉത്തരവാദിത്തവും സുപ്രീം കോടതിക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നതിനാലുമാണ് കത്തെഴുതുന്നതെന്ന് അവര്‍ വ്യക്തമാക്കി. 2002ല്‍ ഗുജറാത്തില്‍ ഗോധ്ര ട്രെയിന്‍ കത്തിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. കൊല ചെയ്യപ്പെട്ട ഏഴു പേരില്‍ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു.
2008 ജനുവരിയിലാണ് കേസില്‍ 11 പേരെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.
ഡോക്ടര്‍മാരും പോലീസും പ്രതികളെ സംരക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിട്ടും ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തന്നെ ബില്‍കിസ് ബാനു കേസ് അപൂര്‍വ കേസാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.