ഗാസ സിറ്റി- ഗാസയിൽ ഇസ്രായിൽ സേനയും ഫലസ്തീനികളും തമ്മിൽ തുടരുന്ന സംഘർഷത്തിന് തുടർച്ചയായ നാലാമത്തെ വെള്ളിയാഴ്ചയും ശമനമില്ല. വെള്ളിയാഴ്ച ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു. 83 ലേറെ പേർക്ക് പരിക്കേറ്റു. ഗാസ മുനമ്പിന് സമീപത്തെ കിഴക്കൻ ജബലിയയിലാണ് വെടിവെപ്പുണ്ടായത്. രണ്ട് പ്രതിഷേധക്കാരും ഇവിടെയാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇവിടെ ഒത്തുകൂടിയത്. ടയറുകൾ കത്തിച്ചും ഇസ്രായിൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞും പ്രക്ഷോഭകർ പ്രതിഷേധിച്ചു. മൂവായിരത്തോളം വരുന്ന ഫലസ്തീനികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നാണ് ഇസ്രായിൽ സൈന്യം പറയുന്നത്. പട്ടത്തിൽ സ്‌ഫോടക വസ്തുക്കൾ കൂട്ടിക്കെട്ടി ഇസ്രായിൽ ഭാഗത്തേക്ക് അയക്കുകയാണ് പ്രതിഷേധക്കാർ ചെയ്യുന്നതെന്നാണ് ഇസ്രായിൽ സൈന്യം പറയുന്നത്.
മാർച്ച് മുതൽ ഇസ്രായിൽ സൈന്യം നടത്തുന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ഇതോടെ മുപ്പത്തിയാറായി. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. അക്രമികളെ തടയുന്നതിന് വേണ്ടിയാണ് വെടിവെപ്പ് നടത്തുന്നത് എന്നാണ് ഇസ്രായിൽ സൈന്യത്തിന്റെ വാദം. എന്നാൽ ഇതേവരെ ഒരു ഇസ്രായിൽ സൈനികന് പോലും പരിക്കേറ്റിട്ടുമില്ല. അതിർത്തിക്കടുത്തേക്ക് അടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെ സൈനിക വിമാനത്തിൽനിന്ന് ഇസ്രായിൽ സൈന്യം നോട്ടീസുകൾ വിതറിയിരുന്നു.
ഇസ്രായിൽ അതിർത്തിയിൽ നടക്കുന്ന അക്രമത്തിൽനിന്ന് ഹമാസാണ് മുതലെടുക്കുന്നതെന്നും അതിർത്തി വേലിക്ക് അടുത്തേക്ക് നീങ്ങുകയോ വേലി തകർക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, മുൻ ആഴ്ചകളിൽനിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച പ്രതിഷേധക്കാരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. എങ്കിലും ആയിരങ്ങൾ പ്രതിഷേധിക്കാനെത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.