ഹൈദരാബാദ്- വിദ്വേഷ പ്രസംഗത്തിനും സമുദായ സൗഹാര്‍ദത്തിന് വിഘാതമുണ്ടാക്കുന്ന നടപടി ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ബിജെപി എംഎല്‍എ ടി രാജ സിംഗിനെതിരെ വീണ്ടും കേസ്. ബി.ജെ.പി സംസ്‌പെന്‍ഡ് ചെയ്ത എം.എല്‍.എക്കെതിരെ ഭവാനിനഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗോഷാമഹല്‍ എംഎല്‍എ ആഗസ്റ്റ് 21 ന് പുറത്തിറക്കിയ 'കോമഡി വീഡിയോ' യില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധം വ്യാപകമായിരുന്നു.
ഹിന്ദു ദൈവങ്ങളെയും ദേവതകളെയും കുറിച്ചുള്ള തമാശകളിലൂടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നഗരത്തിലെ സ്റ്റാന്‍ഡ്അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോയെ എതിര്‍ത്തായിരുന്നു രാജാ സിംഗിന്റെ പ്രവാചക അപകീര്‍ത്തി.
ഓഗസ്റ്റ് 23 ന് രാജാ സിംഗിനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും അറസ്റ്റ് നടപടിക്രമത്തിനിടയിലെ സാങ്കേതിക പിഴവ് കാരണം അതേ ദിവസം തന്നെ ജാമ്യം ലഭിച്ചു. ഇതിനു പിന്നാലെ നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ന് പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്ട് പ്രകാരം നിയമസഭാംഗത്തെ വീണ്ടും അറസ്റ്റ് ചെയ്തു.
തന്നെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ലെന്നും ഇനിയും വീഡിയോ പുറത്തുവിടുന്നത് തടയാന്‍ പോലീസിന് കഴിയില്ലെന്നും ജാമ്യത്തിലിറങ്ങിയ സിംഗ് അവകാശപ്പെട്ടിരുന്നുവെന്ന് പുതിയ എഫ്‌ഐആറില്‍ പറയുന്നു. ഇയാളുടെ പ്രസ്താവനകള്‍ യുവാക്കളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതായി എഫ്‌ഐആറില്‍ പോലീസ് വ്യക്തമാക്കി.