റിയാദ് - അസീർ പ്രവിശ്യയിൽ മജാരിദക്കും ബാരിഖിനും ഇടയിലെ അർഖൂബ് റോഡിൽ ചെക്ക് പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ സൈനികരുടെ എണ്ണം നാലായി. ആക്രമണം നടത്തിയ ഭീകര സംഘത്തിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പേർ അറസ്റ്റിലായി.
വ്യാഴാഴ്ച പുലർച്ചെ 12.45 ന് ആണ് ചെക്ക് പോസ്റ്റിനു നേരെ ഭീകരർ മിന്നലാക്രമണം നടത്തിയത്. ഭീകരർ നടത്തിയ വെടിവെപ്പിൽ സുരക്ഷാ സൈനികരായ അബ്ദുല്ല ഗാസി അൽശഹ്‌രി, സ്വാലിഹ് അലി അൽഅംരി, അഹ്മദ് ഇബ്രാഹിം അസീരി എന്നിവർ വീരമൃത്യുവരിച്ചു.
അന്വേഷണത്തിലൂടെ ആക്രമണത്തിൽ പങ്കുള്ള രണ്ടു പേരെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഇരുവരും സൗദി പൗരന്മാരാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇരുവരുടെയും പേരുവിരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ പങ്കുള്ള മറ്റൊരു ഭീകരനെ കൂടി സുരക്ഷാ ഉദ്യോഗസ്ഥർ വൈകാതെ കണ്ടെത്തി.
സുരക്ഷാ ഭടന്മാരുടെ പിടിയിലകപ്പെടാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭീകരൻ നടത്തിയ വെടിവെപ്പിൽ അഞ്ചു സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. ഇവരിൽ ഒരാൾ ആശുപത്രിയിലേക്കുള്ള മാർഗമധ്യേ മരിച്ചു. പ്രത്യാക്രമണത്തിൽ ഈ ഭീകരനും കൊല്ലപ്പെട്ടു. സൗദി പൗരൻ ബന്ദർ മുഹമ്മദ് അലി അൽശഹ്‌രിയാണ് കൊല്ലപ്പെട്ട ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു.
അസീർ ഭീകരാക്രമണത്തെ ബഹ്‌റൈനും കുവൈത്തും അപലപിച്ചു. ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കുന്നതിന് ബഹ്‌റൈൻ സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബഹ്‌റൈൻ വിദേശ മന്ത്രാലയം പറഞ്ഞു.
അസീർ ഭീകരാക്രമണത്തെ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹും അപലപിച്ചു. സുരക്ഷാ സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് കുവൈത്ത് അമീർ സന്ദേശം അയച്ചു. രാജ്യരക്ഷ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും കുവൈത്ത് പൂർണമായി പിന്തുണക്കുന്നതായി അമീർ പറഞ്ഞു. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അൽസ്വബാഹ് എന്നിവരും രാജാവിന് അനുശോചന സന്ദേശങ്ങൾ അയച്ചു.
അസീർ ഭീകരാക്രമണത്തെ അൽനമാസിലെ ആലുബർയാഅ് ഗോത്ര നേതാവ് ശൈഖ് ഫായിസ് അൽഹീദ് അപലപിച്ചു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഈ ഗോത്രക്കാരനാണ്. തങ്ങളുടെ ഗോത്രം ഒന്നടങ്കം ആക്രമണത്തെ അപലപിക്കുന്നതായും ഭീകരനെ തള്ളിക്കളയുന്നതായും ശൈഖ് ഫായിസ് പറഞ്ഞു. ഭരണാധികാരികൾക്കും ദേശീയൈക്യത്തിനും ഒപ്പം തങ്ങൾ ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്നും ആലുബർയാഅ് ഗോത്ര നേതാവ് പറഞ്ഞു.