അഹമ്മദാബാദ്- റെയില്‍വേയില്‍ ജോലി ലഭിക്കാനായി ഉദ്യോഗാര്‍ത്ഥി നടത്തിയ തട്ടിപ്പ് അധികൃതര്‍ കൈയോടെ പിടിച്ചു. മനീഷ് കുമാര്‍ എന്ന ബിഹാര്‍ സ്വദേശി മറ്റൊരാളെ തനിക്ക് പകരം പരീക്ഷയ്ക്ക് പറഞ്ഞു വിടുകയായിരുന്നു. വഡോദരയ്ക്കടുത്ത് നടത്തിയ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷയ്ക്ക് ബയോമെട്രിക് വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരുന്നു. മനീഷ് കുമാര്‍ ശംബുനാഥ് (26) എന്ന ഉദ്യോഗാര്‍ത്ഥി രാജ്യഗുരു ഗുപ്ത എന്നയാളെ ആള്‍ മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ എത്തിക്കുകയായിരുന്നു. ബയോമെട്രിക് പരിശോധന കടക്കാന്‍ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് പകരക്കാരന് വച്ചുപിടിപ്പിച്ചു.
മിടുക്കനായ രാജ്യഗുരു പരീക്ഷയെഴുതിയാല്‍ തനിക്കു ജോലി ഉറപ്പാണെന്ന് മനീഷ് കരുതി. പരീക്ഷയ്‌ക്കെത്തിയ രാജ്യഗുരുവിന്റെ ബയോമെട്രിക് പരിശോധനയില്‍ വിരലടയാളം ശരിയായില്ല. പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്റര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇയാളുടെ ഇടത് തള്ളവിരല്‍ വൃത്തിയാക്കിയപ്പോഴാണ് ആള്‍മാറാട്ടം നടന്ന വിവരം അറിഞ്ഞത്. ഉടനെ അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രാജ്യഗുരു മനീഷിന്റെ പേര് പറഞ്ഞത്.ഗുജറാത്തിലെ ലക്ഷ്മിപുരയില്‍ നടത്തിയ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് ശ്രമം നടന്നത്. ചൂടാക്കിയ പാത്രത്തില്‍ വിരല്‍വച്ചു പൊള്ളിച്ചാണ് മനീഷ് തന്റെ കൈവിരലിലെ തൊലി വേര്‍പെടുത്തിയത്. തട്ടിപ്പിന് പിന്നില്‍ കൂടൂതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിച്ച് വരികയാണ്.