ന്യൂദല്‍ഹി- തന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും പിന്നില്‍ ബി.ജെ.പിയാണെന്ന് സംശയിക്കുന്നതായും ആംആദ്മി എം.എല്‍.എ സോമനാഥ് ഭാരതി. വാട്‌സ്ആപ്പ് ചാറ്റ് പങ്കുവെച്ചാണ് ദല്‍ഹിയിലെ മാളവ്യ നഗറില്‍നിന്നുളള എം.എല്‍.എ ആയ സോമനാഥ് ഭാരതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഹണിട്രാപ്പില്‍കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും കഴിഞ്ഞ ദിവസം രാത്രിയാണ് ഇത് ഉണ്ടായതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബി.ജെ.പി ഫോര്‍ ഇന്ത്യ ഹാന്‍ഡിലാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നുവെന്നും ദല്‍ഹി പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി രൂപ തരാമെന്നും മറ്റുള്ളവരെ ഒപ്പം കൂട്ടിയാല്‍ 25 കോടി നല്‍കാമെന്നും എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ലഭിച്ചുവെന്ന വെളിപ്പെടുത്തല്‍ വിവാദമായിട്ടുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണം നടന്നതിനു പിന്നാലെയാണ് ആപ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മദ്യനയ വിവാദത്തില്‍ നിന്ന് മുഖംരക്ഷിക്കാന്‍ എ.എ.പി പുതിയ അടവുമായി വന്നിരിക്കയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
എ.എ.പിയെ പിളര്‍ത്തിയാല്‍ ബി.ജെ.പി തനിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്നും എല്ലാ കേസുകളും അവസാനിപ്പിക്കുമെന്നും ഉറപ്പു നല്‍കിയതായും സിസോദിയ വെളിപ്പെടുത്തിയിരുന്നു.