ഹൈദരാബാദ്- പ്രവാചകനെതിരായ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ബി.ജെ.പി എംഎല്‍എ രാജാ സിങ്ങിനെതിരെ സിറ്റി പോലീസ് നടപടികള്‍ ശക്തമാക്കി. നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി എം.എല്‍.എക്ക് ജാമ്യം നല്‍കിയതതിനെതിരെ പോലീസ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഇതിനുപുറമെ, അദ്ദേഹത്തിനെതിരായ പഴയ കേസുകളില്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നേരത്തെ പറഞ്ഞതിന് സമാനമാണ് മുഹമ്മദ് നബിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. ഷാഹിനായത്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘമാണ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളിലാണ് ബിജെപി എംഎല്‍എക്ക് ഷാഹിനയത്ഗഞ്ച്, മംഗലാട്ട് പോലീസ് നോട്ടീസ് അയച്ചത്. ആഗസ്റ്റ് 22 ന് മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എം.എല്‍.എക്ക് ജാമ്യം ലഭിച്ചത്.