ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴു പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതിക്ക് ഇംപീച്‌മെന്റ് നോട്ടീസ് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ നേരിട്ടു കണ്ടാണ് നോട്ടീസ് കൈമാറിയത്.
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ഉടലെടുത്ത വിവാദങ്ങളെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി പ്രതിപക്ഷത്തിന്റെ ഇംപീച്‌മെന്റ് പ്രമേയ നീക്കം സജീവ ചര്‍ച്ചയായിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിചാരണ നടത്തിയ സിബിഐ ജഡ്ജ് ബി എച് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വിധിച്ചതോടെയാണ് ഇംപീച്‌മെന്റ് നീക്കങ്ങള്‍ പ്രതിപക്ഷം വേഗത്തിലാക്കിയത്.
കോണ്‍ഗ്രസ് മുന്നോട്ടു വച്ച പ്രമേയത്തെ അനൂകൂലിച്ച സിപിഎം, സിപിഐ, എന്‍സിപി, എസ് പി, ബിഎസ്പി, മുസ്ലിം ലീഗ് തുടങ്ങി ഏഴു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇംപീച്‌മെന്റ് നോട്ടീസ് നല്‍കിയത്. വിരമിച്ച ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടെ 71 പേര്‍ പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഇങ്ങനെ ഒരു ദിവസം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ആഗ്രഹിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
പ്രധാനമായും അഞ്ച് കാരണങ്ങളാണ് ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഇത്തരം സാഹചര്യത്തില്‍ ഭരണഘടന അനുവദിക്കുന്ന ഓരേ ഒരു പരിഹാരമാണിതെന്നും ഹൃദയഭാരത്തോടെയാണ് ഈ നീക്കം നടത്തുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്‌മെന്റ് പ്രമേയ നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് സപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇംപീച്‌മെന്റ് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിന് അഭിപ്രായം തേടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇക്കാര്യം അടുത്ത മാസം ഏഴിന് കോടതി പരിഗണിക്കും.