Sorry, you need to enable JavaScript to visit this website.

മായ കോട്‌നാനി മോചിത; കൗസർബാനുവിന്റെ ചോരക്ക് ആര് മറുപടി പറയും

അഹമ്മദാബാദിലെ പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയതോടെ പ്രധാനമന്ത്രി മോഡിയുടെ പഴയ കാവൽക്കാരിക്ക് മുന്നിൽ ഇല്ലാതായത് 28 കൊല്ലത്തെ ജയിൽശിക്ഷ. നരോദപാട്യ കൂട്ടക്കൊലക്കേസിൽ 2013-ൽ  28 വർഷത്തെ ജയിൽശിക്ഷ മായ കോട്‌നാനിക്ക് വിധിച്ചെങ്കിലും ഒരു വർഷം പോലും അവർ ജയിലിൽ കഴിഞ്ഞില്ല. തൊട്ടടുത്ത വർഷം തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇന്ന് കുറ്റവിമുക്തയാക്കുകയും ചെയ്തു. നരോദപാട്യയിലെ 97 പേരെ പച്ചക്ക് ചുട്ടുകൊന്ന് ആഹ്ലാദനൃത്തം ചവിട്ടിയവർക്കൊപ്പം ചുവടുവെപ്പുകളുമായി മായ കോട്‌നാനി എന്ന ഡോക്ടറുമുണ്ടായിരുന്നുവെന്നാണ് പ്രത്യേക കോടതി നേരത്തെ കണ്ടെത്തിയിരുന്നത്. 
ഗൈനക്കോളജി ഡോക്ടറാണ് മായ. ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു പൂവാണ് വിരിയുന്നത്. അവിടെ സുഗന്ധം പരക്കുന്നു. തന്റെ കയ്യിലൂടെയാണ് കുഞ്ഞ് ഇറങ്ങിവരുന്നതെന്ന് ഓർക്കുമ്പോൾ അഭിമാനമുണ്ടാകുമെന്ന് പറയുന്നത് ഡോക്ടർമാരാണ്. കുഞ്ഞിന്റെ ആദ്യകരച്ചിൽ ഒരിക്കലും മായാത്ത സംഗീതമായി ജീവനുള്ള കാലത്തോളം കാതുകളിൽ നിറഞ്ഞുനിൽക്കുമെന്ന് പറയുന്നതും മറ്റാരുമല്ല. 
അങ്ങിനെയൊക്കെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു സ്ത്രീ തന്നെയായിരിക്കണം മായ കോട്‌നാനിയും. ഇവരുടെ മുന്നിൽ വെച്ചാണ് കൗസർ ബാനുവിന്റെ വയർ കുത്തിക്കീറിയത്. ബാനുവിന് ഒൻപതുമാസം ഗർഭമായിരുന്നു. പത്തുദിവസം കൂടി കഴിഞ്ഞാൽ സ്വാഭാവികമായും കൗസർബാനു പ്രസവിക്കും. ഒരു പൂ വിരിയും. അതോർത്തില്ല, മായയും സംഘവും. മായ കാളിയായി. രക്തനൃത്തം ചവിട്ടി യഥാർത്ഥ ഭദ്രകാളിയായി. സംഹാരരുദ്രയായി. ബാനുവിന്റെ വയർ കുത്തിക്കീറി ഭ്രൂണം പുറത്തെടുക്കുമ്പോൾ മായയുമുണ്ടായിരുന്നു. ഭ്രൂണം കുന്തത്തിൽ കയറ്റിനിർത്തി. അതിന് മേൽ പെട്രോളൊഴിച്ചു. കത്തിച്ചു. കൗസർബാനുവിനെ പച്ചക്ക് തീയിട്ടു. എന്നിട്ടും കലിയടങ്ങിയില്ല. കണ്ണിൽ കണ്ട സ്ത്രീകളെയെല്ലാം ബലാത്സംഗം ചെയ്തു. ചെറിയ കുട്ടികളെ പോലും വെറുതെവിട്ടില്ല. എല്ലാവരെയും അതിക്രൂരമായി കൊന്നൊടുക്കി. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ പെരുംനായാട്ട്. 
നരേന്ദ്രമോഡി സർക്കാറിലെ വനിത ശിശുമന്ത്രിയായിരുന്നു മായ കോട്‌നാനി. ബജ്‌റംഗ്ദൾ നേതാവ് ബാബു ബജരംഗിയുമായി ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. അഹമ്മദാബാദിൽനിന്ന് അയ്യായിരത്തോളം വരുന്ന അക്രമി സംഘവുമായി ഇവർ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന നരോദപാട്യയിലെത്തി. അക്രമികളുടെ കയ്യിൽ തോക്കും വാളുകളുമുണ്ടായിരുന്നു. ഒന്നു തിരിഞ്ഞോടാനുള്ള സാവകാശം പോലും ഇരകൾക്ക് ലഭിച്ചില്ല. അയ്യായിരത്തോളം വരുന്ന അക്രമികൾ ഇരകൾക്ക് മേൽ ഇരച്ചുകയറി. കണ്ണിൽ കണ്ടവരെയെല്ലാം കൊലപ്പെടുത്തി. സൗകര്യപ്പെട്ടവരെ ബലാത്സംഗം ചെയ്തു. പൂർണഗർഭിണികളെ ഭ്രൂണം പുറത്തെടുത്ത് കൊന്നുകത്തിച്ചു. അങ്ങിനെ ചരിത്രത്തിൽ ഒരിക്കലും കാണാനാകാത്ത വിധം നരോദപാട്യയിലെ നിസഹായർക്ക് മേൽ മായയുടെ കിരാതസംഘം പടർന്നുകയറി. 
മായയുടെ നിർദ്ദേശപ്രകാരം മുസ്‌ലിംകൾക്ക് നേരെ വെടിവെക്കാൻ ഇൻസ്‌പെക്ടർ കെ.കെ മൈസൂർ വാല പാഞ്ഞുവന്നു. കേസിന്റെ തുടക്കത്തിൽ തന്നെ മായയെ അറസ്റ്റ് ചെയ്‌തെങ്കിലും മൈസൂർ വാലയെ പ്രതിചേർത്തിരുന്നില്ല. രക്ഷിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചവരോട്, മുസ്‌ലിംകളെ സംരക്ഷിക്കരുതെന്ന് തനിക്ക് പ്രത്യേക നിർദ്ദേശമുണ്ടെന്ന് മൈസൂർ വാല പറഞ്ഞതായി സാക്ഷികൾ തെളിവുകൾ നൽകിയിരുന്നു. എങ്കിലും പ്രത്യേക അന്വേഷണസംഘം ഇക്കാര്യം രേഖപ്പെടുത്തിയില്ല. 
പത്തുമണിക്കൂർ നേരമാണ് സംഘം ഇവിടെ നരനായാട്ട് നടത്തിയത്. രക്ഷിക്കണമെന്നാവശ്യപ്പെട്ട് പലരോടും കെഞ്ചിയെങ്കിലും ആരും കേട്ടില്ല. വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയദീപ് പട്ടേലിൽനിന്ന് മൈസൂർവാലക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന് ടെലിഫോൺ കോളുകൾ സാക്ഷി. മുസ്‌ലിംകളെ കൊന്നുകളയാൻ നിർദ്ദേശമുണ്ടെന്ന് സ്‌പെഷ്യൽ റിസർവ് ഓഫീസർ കെ.പി പരേഖും പറഞ്ഞു. പരേഖും നിയമത്തിന്റെ പുറത്താണ്.
97 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ യഥാർത്ഥ സംഖ്യ ഇതിലുമേറെയാണ്. ഞാൻ തന്നെയാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് ബാബു ബജ്‌രംഗി ഇടക്ക് വീമ്പു പറഞ്ഞു. നിസഹായരായ ഒരു കൂട്ടം മനുഷ്യരെ കൊന്നൊടുക്കിയതില ജനപ്രതിനിധിയായ ഈ മനുഷ്യൻ അഭിമാനം കൊണ്ടു. ബജ്‌റംഗ് ദൾ നേതാവായിരുന്നു ബാബു. തെഹൽക്ക നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു (ഓപ്പറേഷൻ കലങ്ക്) ബാബുവിന്റെ വെളിപ്പെടുത്തൽ. പോലീസിന്റെ കൂടി സഹായത്തോടെ നിരവധി മൃതശരീരങ്ങൾ കുഴിച്ചുമൂടിയെന്നും ഇയാൾ വീമ്പു പറഞ്ഞു.
നരോദപാട്യയിൽ കൂട്ടക്കൊല നടന്നതിന് ശേഷം പോലീസെത്തി. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ ഉപയോഗശൂന്യമായ കിണറുകളിലും മറ്റുമായി മൃതദേഹങ്ങൾ വലിച്ചെറിഞ്ഞു. 200 പേരെയെങ്കിലും തങ്ങൾ കൊന്നിട്ടുണ്ടാകുമെന്ന് ബാബു പറഞ്ഞു. 
കൂട്ടക്കൊലയുടെ തെളിവുകളെല്ലാം സംഘം നശിപ്പിച്ചിരുന്നു. മണ്ണിൽ കാര്യമായ തെളിവുകളൊന്നും ബാക്കിവെക്കാതിരിക്കാൻ പോലീസിന്റെ സഹായവും ലഭിച്ചു. മൂന്നു പേരെ മാത്രമാണ് ബലാത്സംഗം കേസിൽ ശിക്ഷിച്ചത്. 
ആറുമാസത്തെ ഒളിക്യാമറ യുദ്ധത്തിൽ തെഹൽക്കയാണ് നരോദപാട്യയിലെ നിരവധ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നത്. ഗുജറാത്ത് സർക്കാർ എങ്ങിനെയാണ് സ്വന്തം ജനതയെ കൊന്നൊടുക്കിയത് എന്നത് സംബന്ധിച്ച് നിരവധി രേഖകളും പുറത്തുവിട്ടു. 
ഈ തെളിവുകളെല്ലാമാണ് ഹൈക്കോടതി നിരാകരിച്ചിരിക്കുന്നത്. ഈ കേസിൽ നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്ന ബജ്‌റംഗ്ദൾ നേതാവ് ബാബു ബജ്‌രംഗിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കൾ പ്രതികളായ കേസിൽ അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള വിധികളാണ് ഈയിടെ പുറത്തുവരുന്നത് എന്ന ആരോപണത്തിന് ബലം നൽകുന്ന കാര്യങ്ങളാണ് ഇന്നും കോടതിയിൽനിന്നുണ്ടായിരിക്കുന്നത് എന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
 

Latest News