ആർക്കും മരുന്നിട്ടുകൊടുക്കരുത് എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിത നിലപാട്. അതു തന്നെ ലിംഗനീതി ബഹളത്തിന്റെ അവസാനവും സംഭവിച്ചു. വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭ പ്രഖ്യാപനവും ഈ പറഞ്ഞ മരുന്നിടൽ സ്പിരിറ്റിന്റെ വഴിയിലാണ്.
ആൺകുട്ടികളും പെൺ കുട്ടികളും ഒരേ തരത്തിലുള്ള പാന്റ്‌സും കുപ്പായവുമിട്ട് വരണമെന്ന് നിർബന്ധിച്ചാൽ ആരുടെ യൊക്കെയോ ഈഗോ ജയിക്കുമെങ്കിലും കേരളത്തിൽ തിരഞ്ഞെടുപ്പ് ജയിക്കില്ലെന്ന് മറ്റാർക്കും അറിയില്ലെങ്കിലും പിണറായി വിജയനറിയാം. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മട്ടന്നൂരിൽനിന്ന് വരുന്ന കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മട്ടന്നൂരിൽ ജയിച്ചിട്ടും 'തോറ്റത് ' ഇങ്ങിനെയൊരു സബ്മിഷനുമായി എത്താൻ സി.പി.എം ബുദ്ധിശാലകളിലൊന്നായ ശൈലജയെയും പ്രേരിപ്പിച്ചിരിക്കുമോ ? അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്ന് ഈ വിഷയത്തിൽ ചാടിക്കളിച്ച പ്രത്യയശാസ്ത്ര ബന്ധുക്കളെ നിരാശരാക്കുംവിധം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഒരുതരം വേഷവിധാനവും ആരുടെ മേലും അടിച്ചേൽപ്പിക്കുന്നത് ഈ സർക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹ്യകടമകൾക്ക് അനുസൃതമായുള്ള സർവ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേൽപ്പറഞ്ഞവയെ ഹനിക്കാൻ പാടില്ലായെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നുമില്ല- സമയമായില്ല മക്കളെ, സമയമായില്ല എന്ന് ഒരിക്കൽ കൂടി ആവേശകമ്മറ്റിക്കാരോട് മുഖ്യമന്ത്രിയിലെ പ്രായോഗിക രാഷ്ട്രീയക്കാരൻ പറയാതെ പറയുകയാണ്. സംഘ് പരിവാർ ഭരിക്കുന്ന ഇന്ത്യയിൽ സി.പി.എം മുഖ്യമന്ത്രിക്ക് ഇതല്ലാതെ മറ്റെന്ത് പ്രകട വഴി.
ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശവും ഒഴിവാക്കിയിട്ടുണ്ട്. ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽനിന്നാണ് ഈ നിർദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയ്ക്കായി വെച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. മുസ്‌ലിം സംഘടനകൾ ഈ പറഞ്ഞ സർക്കാർ നിർദേശത്തിനെതിരെയും ആവേശപൂർവം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയിൽ മാറ്റം വരുത്തുന്നത്.
വിവാദ നിർദേശത്തിനെതിരെ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് ന്യായീകരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ അന്ന് ചെയ്തത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നം? എന്നായിരുന്നു അവരുടെ ചോദ്യം.
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന തായിരുന്നു പ്രതിപക്ഷ അടിയന്തരപ്രമേയത്തിലെ ആവശ്യം. ഈ വിഷയത്തിൽ ഇറങ്ങിപ്പോക്കുകളുൾപ്പെടെ പതിവ് പോലെ നടന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ വിവാദ നിയമനം കോൺഗ്രസിലെ റോജി എം .ജോണാണ് ഉന്നയിച്ചത്. നിയമനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അടിമുടി ന്യായീകരിച്ചു. 2016 മുതൽ 523 അധ്യാപക നിയമനങ്ങൾ സർവകലാശാലകളിൽ നടന്നു. നിയമനങ്ങളെല്ലാം നിയമപരമായി മാത്രമാണ്. യു.ജി.സിയുടെ എല്ലാ മാനദണ്ഡവും പാലിച്ചിട്ടുണ്ട്. പ്രിയ വർഗീസിന്റെ നിയമനം ചട്ട വിരുദ്ധമെന്നായിരുന്നു റോജി എം. ജോണിന്റെ ആരോപണം. അഭിമുഖത്തിൽ പ്രിയക്ക് ഉയർന്ന മാർക്ക് നൽകി. പ്രിയ വർഗീസിന് യു.ജി.സി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഇല്ല. അവധി എടുത്ത് ഗവേഷണത്തിന് പോയ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല. അടിസ്ഥാന യോഗ്യത ഇല്ലാത്ത ആളെ രാഷ്ട്രീയ സ്വാധീനം നോക്കി നിയമിച്ചു.അത് കൊണ്ടാണ് കോടതി സ്റ്റേ ചെയ്തത്. ഒരു നേതാവിന്റെ ഭാര്യക്ക് കുസാറ്റിൽ ചട്ടം ലംഘിച്ചു നിയമനം നൽകി. മറ്റൊരു നേതാവിന്റെ ഭാര്യക്ക് കേരള സർവകലാശാലയിൽ നിയമനം കിട്ടി. സംസ്‌കൃത സർവ്വകലാശാലയിലും കാലിക്കറ്റിലും ബന്ധു നിയമനം നടന്നു .സർവ്വകലാശാലകളെ കുറിച്ച് എല്ലാം പറഞ്ഞാൽ തലകുനിച്ചു നിൽക്കേണ്ടിവരും.
ഈ പറഞ്ഞതൊന്നും അംഗീകരിക്കാൻ മന്ത്രി ബിന്ദു തയ്യാറായിരുന്നില്ല. ഗവർണർക്ക് എതിരെ പരോക്ഷ വിമർശനവും മന്ത്രി ഉയർത്തി. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഗവർണർ ഒളിച്ചുകളി നടത്തുകയാണ്. കണ്ണൂർ വി.സി അടക്കം നിലവിലെ വി.സിമാർ യോഗ്യരാണ്.
അരി എത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വന്തം പാർട്ടിക്കാരെയും നേതാക്കളുടെ ബന്ധുക്കളെയും നിയമിക്കാൻ ഉള്ള സ്ഥലമാക്കി സർവ്വകലാശാലകളെ മാറ്റുകയാണ്.
നിലവിലെ വി.സിമാർ ഒന്നിനൊന്നു മികച്ചവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടു. കണ്ണൂർ വി.സിയെ അടക്കം അദ്ദേഹം പുകഴ്ത്തി. വി.സിമാരുടെ അക്കാദമിക് യോഗ്യതയെ ചോദ്യം ചെയ്യുന്നില്ലെന്ന് സതീശൻ വ്യക്തമാക്കി. വി.സിമാരെ സർക്കാർ പാവകൾ ആക്കുന്നു. ഗവേഷണ പ്രബന്ധം കോപ്പി അടിച്ച ആളെ വരെ അധ്യാപകൻ ആക്കി നിയമിച്ചു. ആ അധ്യാപകൻ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് സതീശന്റെ ഓർമ്മപ്പെടുത്തൽ.
ഗവർണറുടെ അധികാരം വെട്ടി കുറക്കുന്ന സർവകലാശാല നിയമ ഭേദഗതി ബില്ലും നിയമസഭയിലെത്തി. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് അംഗങ്ങളെ കൂടി ചേർത്തു. സർക്കാരിന് മേൽക്കൈ നേടൽ ആണ് ലക്ഷ്യം. നിലവിലെ മൂന്ന് അംഗ സമിതി അഞ്ചാക്കും. നിലവിൽ ഗവർണറുടേയും യു.ജി.സി യുടെയും സർവകലാശാലയുടെയും നോമിനികൾ ആണ് ഉള്ളത്.
കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ. ഒപ്പം സർക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകും. ഇത് വഴി കമ്മിറ്റിയിലെ ഭൂരിപക്ഷം വെച്ചു സർക്കാരിന് ഇഷ്ടം ഉള്ള ആളെ വ.ിസി ആക്കാം. സഭ പാസാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നാണ് ഇനി അറിയേണ്ടത്.
ഗവർണർ ഏത് സമയവും സർക്കാറുമായി ഒത്തുതീർപ്പിന് തയ്യാറാകുമെന്നാണ് പ്രതിപക്ഷ വിമർശനം.
സർവകലാശാല ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം തടസവാദം ഉന്നയിച്ചു. ഭേദഗതി യു.ജി.സി റഗുലേഷന് വിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും കോൺഗ്രസിലെ പി.സി. വിഷ്ണുനാഥ് നിരീക്ഷിച്ചു. പ്രതിപക്ഷ വാദം നിലനിൽക്കില്ലെന്നും സർവകലാശാലകളെ സംബന്ധിച്ച് നിയമം രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നും ബിൽ അവതരിപ്പിച്ച മന്ത്രി ആർ.ബിന്ദു ഉറച്ചു നിന്നു.
ആസാദ് കശ്മീർ പരാമർശത്തിന്റെ പേരിൽ തന്നെ രാജ്യദ്രോഹിയാക്കുന്നുവെന്നാണ് കെ.ടി.ജലീലിന്റെ ആക്ഷേപം. താൻ പ്രയോഗിക്കുകയും നാടാകെ കളിയാക്കുകയും ചെയ്ത ആസാദ് കശ്മീരുമായി ബന്ധപ്പെട്ട ഇൻവെർട്ടഡ് കോമക്ക് ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും അനുയോജ്യനായ വ്യക്തിയെ തന്നെ അദ്ദേഹം കൂട്ടുപിടിച്ചു.
നെഹ്‌റു ഉൾപ്പെടെയുള്ളവർ ആസാദ് കശ്മീർ എന്ന വാക്ക് ഇൻവെർട്ടഡ് കോമയിട്ട് ഉപയോഗിച്ചിട്ടുണ്ടെന്നതിന് തെളിവായി പുസ്തകവും പേജുകളും ജലീൽ ഉദ്ധരിച്ചു. വർത്തമാനകാലത്ത് എന്തുപറയുന്നു എന്നല്ല, ആരു പറയുന്നു എന്നാണ് നോക്കുന്നതെന്ന് ജലീൽ കണ്ണാടി നോക്കി.