നെടുമ്പാശ്ശേരി- ബാഗിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച സൗദി റിയാലുമായി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി തോപ്പില്‍ യൂസഫാണ് പിടിയിലായത്. വിമാനത്താവളത്തിലെ സുരക്ഷ വിഭാഗമായ സിയാല്‍ സെക്യുരിറ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധനയിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കണ്ടെത്തിയത്.
ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത്. 90 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് മൂല്യം. സിയാല്‍ സുരക്ഷാ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ബാഗിന്റെ രണ്ട് അറകളില്‍ ഒന്നാണ് തുറന്നത്. സിയാല്‍ സുരക്ഷ വിഭാഗം കഴിഞ്ഞ ദിവസം വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയിരുന്നു.