റിയാദ് -പരിശുദ്ധ ഉംറ കര്‍മ്മത്തിന് സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.
ഉംറ വിസക്കാർക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഹജ്ജ് മന്ത്രാലയം അക്കാര്യം അതിന്റെ വെബ്‌സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴിയും അറിയിച്ചതാണിത്. അതോടൊപ്പം പതിവിന് വിപരീതമായി ഈ വര്‍ഷം മൂന്നു മാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും പറഞ്ഞിട്ടുണ്ട്.
വിപുലമായ സംവിധാനങ്ങളോടെ ഈ ഉംറ സീസണ്‍ ആരംഭിച്ചപ്പോഴാണ് മന്ത്രാലയം ഇങ്ങനെ അറിയിച്ചത്. വ്യക്തികള്‍ക്ക് സ്വന്തമായി ഉംറ വിസ ലഭിക്കാന്‍ തുടങ്ങിയതോടെ പലരും കഴിഞ്ഞ ദിവസങ്ങളില്‍ റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് വിദേശത്ത് നിന്ന് ടിക്കറ്റെടുത്തിരുന്നു. അവരെയൊന്നും ആ ടിക്കറ്റുകളില്‍ യാത്ര ചെയ്യാന്‍ വിമാനക്കമ്പനികള്‍ അനുവദിച്ചിരുന്നില്ല. പകരം ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാനാണ് ആവശ്യപ്പെട്ടത്.