ന്യൂദല്‍ഹി- ജമ്മുവിലെ കതുവയില്‍ എട്ടു വയസ്സുകാരി മുസ്ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലൊളിപ്പിച്ച് കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ജമ്മു കശ്മീര്‍ പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം വഴിമുട്ടിയ ഘട്ടത്തില്‍ തുണയായത് ദല്‍ഹി ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലം. പോലീസ് ശേഖരിച്ച തെളിവുകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ജമ്മു കശ്മീര്‍ ഡിജിപിയാണ് ദല്‍ഹി ഫോറന്‍സിക് ലാബിന്റെ സഹായം തേടി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
കഴിഞ്ഞ മാസമാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളും വസ്ത്രവും, ആന്തരാവയവങ്ങള്‍, രക്തം പുരണ്ട മണ്ണ് എന്നിവയടക്കം സൂക്ഷമ പരിശോധനയ്ക്കായി ദല്‍ഹി ഫോറന്‍സിക് ലാബിലെത്തിച്ചത്. ക്രൂരകൃത്യം ചെയ്ത പ്രതികള്‍ പെണ്‍കുട്ടിയുടെ വസ്ത്രവും രഹസ്യ ശരീരഭാഗവും കഴുകി തെളിവുകള്‍ നശിപ്പിച്ചിരുന്നതിനാല്‍ പിടികൂടിയ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ദല്‍ഹി ഫോറന്‍സിക് ലാബിന്റെ സഹായം തേടിയത്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ക്കൊപ്പം പ്രതികളായ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജുരിയ, ശുഭം സങ്ക്ര, പ്രവേശ് എന്നിവരുടെ രക്ത സാമ്പിളുകളും ദല്‍ഹി ഫോറന്‍സിക് ലാബില്‍ പരിശോധിച്ചു.
ഈ മാസം ആദ്യവാരമാണ് ദല്‍ഹി ഫോറന്‍സിക് ലാബ് പരിശോധനാ റിപ്പോര്‍ട്ട് ജമ്മു കശമീര്‍ പോലീസിനു കൈമാറിയത്. ഇതു പ്രകാരം പ്രതികളുടെ രക്തസാമ്പിളുകളും പെണ്‍കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലുമുള്ള രക്തസാമ്പിളുകളും ഒന്നാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ കണ്ടെത്തിയ രക്തക്കറയും തലമുടിനാരും പെണ്‍കുട്ടിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതും ദല്‍ഹി ഫോറന്‍സിക് ലാബ് പരിശോധനയിലാണ്.
പ്രതികള്‍ കഴുകി തെളിവുനശിപ്പിച്ച പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ സംസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചിരുന്നെങ്കിലും രക്തക്കറ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതു കാരണം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന് പ്രതികള്‍ക്കെതിരായ കുറ്റം തെളിയാക്കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദല്‍ഹിയിലെ ഫോറന്‍സിക് ലാബില്‍ സൂക്ഷ്മ പരിശോധന നടത്തിയത്. ഇതോടെയാണ് പ്രതികള്‍ക്കെതിരെ ഏറ്റവും ശക്തമായ തെളിവുകള്‍ സ്ഥിരീകരിക്കാന്‍ ജമ്മു കശ്മീര്‍ പോലീസിനായത്.