ന്യൂദൽഹി- ബിഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ച നിതീഷ് കുമാർ സർക്കാർ വിശ്വാസവോട്ട് തേടുന്നു. അതേമയം, വോട്ടെടുപ്പിന് തൊട്ടുമുമ്പ് നിരവധി ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സി.ബി.ഐ സംഘം റെയ്ഡ് നടത്തി. മുൻ സർക്കാറിലെ സ്പീക്കർ ആയിരുന്ന ബി.ജെ.പിയിൽനിന്നുള്ള വിജയ്കുമാർ സിൻഹ സ്ഥാനം ഒഴിഞ്ഞതോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. മഹാസഖ്യം അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം മുതിർന്ന ആർ.ജെ.ഡി നേതാവ് അവദ് ബിഹാരി ചൗധരിയാകും പുതിയ സ്പീക്കർ.
വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് ആർ.ജെ.ഡി നേതാക്കളായ സുനിൽ സിംഗ്, സുബോധ് റായ്, ഡോ. ഫയാസ് അഹമ്മദ്, അഷ്ഫാഖ് കരീം എന്നിവരുടെ വീടുകൾ പട്നയിൽ സി.ബി.ഐ റെയ്ഡ് ചെയ്തു. റെയ്ഡുകൾ നേരത്തെ പ്രതീക്ഷിച്ചതാണെന്നും ബി.ജെ.പിയുടെ നിർദ്ദേശപ്രകാരമാണ് റെയ്ഡുകൾ നടക്കുന്നതെന്നും ആർ.ജെ.ഡി എം.പി മനോജ് ഝാ പ്രതികരിച്ചു. 'ഇത് ഇ.ഡിയുടെയോ സി.ബി.ഐയുടെയോ റെയ്ഡാണെന്ന് പറയുന്നതിൽ അർത്ഥമില്ല, ഇത് ബി.ജെ.പിയുടെ റെയ്ഡാണ്. ഇന്ന് ഫ്‌ളോർ ടെസ്റ്റാണ്, ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇത് പ്രവചിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഒരു റെയ്ഡും മഹാഗത്ബന്ധൻ സർക്കാരിനെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് ആർ.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി പറഞ്ഞു. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും തങ്ങൾക്കൊപ്പമാണ്, സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടില്ലെന്നും അവർ പറഞ്ഞു.
243 അംഗ ബിഹാർ നിയമസഭയിൽ 164 എം.എൽ.എമാർ നിതീഷ് കുമാറിന്റെ സർക്കാരിനെ പിന്തുണച്ചതോടെ ഭൂരിപക്ഷം തെളിയിക്കുന്നത് ഔപചാരികമാണ്. നിയമസഭയുടെ നിലവിലെ അംഗബലം 241 ആണ്.