മെക്‌സിക്കോ സിറ്റി- ആക്രമിച്ച് കൊന്ന 25കാരന്റെ മൃതദേഹവും കടിച്ചെടുത്ത് തടാകത്തിലൂടെ ഭീമന്‍ മുതല നീന്തിയത് ഒരു മണിക്കൂറിലേറെ. വടക്ക് കിഴക്കന്‍ മെക്‌സിക്കോയിലെ ടമോലിപാസ് സ്‌റ്റേറ്റിലെ ഒരു തടാകത്തിലായിരുന്നു സംഭവം. ടംപീകോ നഗരത്തിലെ ലഗൂനാ ഡെല്‍ കാര്‍പിന്റെരോ ജലായത്തില്‍ ആമകള്‍ നീന്തുന്നതും മറ്റും കാണാനെത്തിയ സന്ദര്‍ശകരാണ് ഈ ഭീകര ദൃശ്യം ആദ്യം കണ്ടത്. മുതലകളുടെ ആക്രമണത്തിന് പേര് കേട്ട തടാകമാണിത്. 11 അടിയിലേറെ നീളമുണ്ടായിരുന്ന കൂറ്റന്‍ മുതല യുവാവിന്റെ ശരീരവും കടിച്ചുപിടിച്ച് തടാകത്തിലൂടെ നീന്തുകയായിരുന്നു. തടാകത്തിന് സമീപമുള്ളവര്‍ക്ക് വളരെ വ്യക്തമായി ഈ കാഴ്ച കാണാനായി.
തടാകത്തിനരികിലും സമീപത്തെ പാര്‍ക്കിലും സ്ഥാപിച്ചിട്ടുള്ള തടാകത്തില്‍ നീന്താന്‍ പാടില്ലെന്ന അപായ സൂചനകള്‍ ഇയാള്‍ അവഗണിച്ചതാണ് അപകടത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.പോലീസെത്തിയപ്പോഴേക്കും തടാകത്തിന് സമീപത്തെ അഴുക്ക് ചാലിലേക്ക് യുവാവിന്റെ മൃതദേഹവുമായി മുതല നീന്തി പോയിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയടക്കം നടത്തിയ തിരച്ചിലില്‍ പാര്‍ക്കിന് സമീപത്തെ വൊളാന്റിന്‍ എന്ന പ്രദേശത്തെ മാന്‍ഹോളിന് താഴെ അഴുക്കുചാലില്‍ മുതലയേയും യുവാവിന്റെ മൃതദേഹത്തെയും കണ്ടെത്തി.ഒരു മണിക്കൂറോളം സമയമെടുത്താണ് മാന്‍ഹോളിലെ മെറ്റല്‍ കവചം നീക്കാന്‍ അധികൃതര്‍ക്ക് വേണ്ടി വന്നത്. പിന്നാലെ മുതലയുടെ കഴുത്തില്‍ കയര്‍ കുരുക്കി പുറത്തെത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം വീണ്ടെടുത്തത്.
ജൂണില്‍ ഇതേ തടാകത്തിന്റെ തീരത്ത് തുണി കഴുകുന്നതിനിടെ ഒരു സ്ത്രീ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. അന്നും ഇത് പോലെ മൃതശരീരവുമായി മുതല നീന്തുന്നത് കണ്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020ല്‍ മുന്നറിയിപ്പ് അവഗണിച്ച് ഇവിടെ നീന്താനിറങ്ങിയ ഒരു മദ്ധ്യവയസ്‌കനെയും മുതല കൊന്നിരുന്നു.