ന്യൂദല്‍ഹി- കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമം ആസൂത്രിതമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത് 2019 ഡിസംബര്‍ 28നു കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ പ്രതിഷേധിച്ച ഗുണ്ടയാണ് ഇര്‍ഫാന്‍ ഹബീബെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
ദല്‍ഹി കേരള ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഗവര്‍ണര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. കണ്ണൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണ്. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ വെച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ഈ ഗൂഢാലോചനയില്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയും പങ്കാളിയാണ്. വൃത്തികെട്ട മനസ്സാണ് ഇവര്‍ക്കുള്ളത്- ഗവര്‍ണര്‍ പറഞ്ഞു.
ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഇര്‍ഫാന്റെ പ്രവൃത്തിയെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ടിട്ടാല്‍ കേസെടുക്കുന്ന നാടാണ് കേരളം. ഫെയ്‌സ്ബുക് പോസ്റ്റിന്റെ പേരിലും ഇവിടെ കേസെടുക്കും. എന്നിട്ടും ഗവര്‍ണറെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടനാ വിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ല. തന്റെ അധികാരം വെട്ടിക്കുറച്ച ബില്‍ നിയമമാകണമെങ്കില്‍ താന്‍ തന്നെ ഒപ്പിടണമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.