സിൽവർ ലൈൻ റെയിൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് എത്രകണ്ട് പ്രിയപ്പെട്ടതാണോ അതിലുമെത്രയോ മടങ്ങ് പദ്ധതിയെ എതിർക്കുന്നവരാണ് സമൂഹത്തിൽ നല്ലൊരു പങ്ക്. അത് കൊണ്ട് ഈ പൊല്ലാപ്പിൽ നിന്നും പിൻമാറി, പകരം പെട്ടെന്ന് പോകേണ്ട യാത്രക്കാരെ എത്തിക്കാൻ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് ഫ്‌ളൈറ്റ് സർവ്വീസ്, അതല്ലെങ്കിൽ ഹെലിക്കോപ്ടർ സർവ്വീസ് എന്നിവ അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമോ എന്നായിരുന്നു ലീഗ് അംഗം മഞ്ഞളാംകുഴി അലിയുടെ ചോദ്യം.
മറുപടി നൽകാൻ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് എഴുന്നേറ്റപ്പോഴറിയാമായിരുന്നു പറയാൻ പോകുന്ന മറുപടി. നിയമസഭാംഗമാകുന്നതിന് മുമ്പ് മഞ്ഞളാംകുഴി അലി നല്ല വ്യവസായിയായിരുന്നു. കാര്യങ്ങൾ നല്ല രീതിയിൽ നടത്താൻ ശേഷിയുള്ള ആളാണ് അദ്ദേഹമെന്നാണ് മനസിലാക്കിയിട്ടുള്ളത്. ഇത്ര അബദ്ധമായ നിലപാട് എങ്ങനെ അങ്ങനെയുള്ളൊരാൾക്ക് പറയാൻ കഴിയുന്നുവെന്നാണ് പിണറായിക്ക് മനസ്സിലാകാത്തത്. വിജയിച്ച വ്യവസായിയാണ് അലിയെന്ന് സ്പീക്കർ എം.ബി രാജേഷും പഴയ സി.പി.എം സഹചാരിയുടെ പക്ഷം ചേർന്നു. സിൽവർലൈൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന കാര്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. സമയമാകുമ്പോൾ അത് വന്നിരിക്കും.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്തിൽ നടത്തുന്ന സമരം ദിവസം കഴിയുന്തോറും ശക്തി പ്രാപിച്ചു വരികയാണ്.
ശക്തിയെന്ന് വെച്ചാൽ ശരിക്കും ശക്തി തന്നെ. സമര വഴികളിലെ കമ്പിവേലികളും , സമാന തടസങ്ങളുമെല്ലാം കാരിരുമ്പിന്റെ ശക്തിയുള്ള കൈകൾ കൊണ്ട് അവർ തകർക്കുന്നത് വെണ്ണയിൽ കുടുങ്ങിയ മുടി എടുത്തു മാറ്റുന്ന ലാഘവത്തിൽ. കടൽ പോലെയാണ് തീരജനതയുടെയും രീതികൾ. ചിലപ്പോൾ വാശി. ചിലപ്പോൾ സന്തോഷം. വിഴിഞ്ഞം സമരം നടത്തുന്നത് പുറത്തുള്ളവരാണ് എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ നിലപാട് തീരത്ത് അതിവേഗം കത്തിപ്പടർന്നു.
സമരം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. പുറത്തുള്ളവർ എന്ന കുറ്റാരോപണം ഏത് സമരക്കാരെയും തളർത്തിക്കളയും. പക്ഷെ തീരത്ത് ഇത് തീയാവുകയായിരുന്നു. രൂക്ഷഭാഷയിലുള്ള മറുപടിയുമായാണ് ലത്തീൻ അതിരൂപത രംഗത്തെത്തിയത്. മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല. കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ച് കൊടുക്കുന്നതാണ് നല്ലത്.
തുറമുഖ നിർമാണം നിർത്തിവെച്ചേ മതിയാകൂ. മത്സ്യത്തൊഴിലാളികളുടെ സമരത്തെ വർഗീയ സമരമെന്ന് ആക്ഷേപിച്ചല്ലോ. നോക്കിക്കോ മുസ്‌ലിം സഹോദരങ്ങളും സമരത്തിനെത്തും. ബീമാപ്പള്ളി ഇളകിവരും. മുതലെടുപ്പ് ഇനി നടക്കില്ല. ധീവര വിഭാഗവും വരാൻ പോവുകയാണ്. സമര ഭൂമിയിൽ നിന്നാണെങ്കിലും കേട്ട ഈ വാക്കുകൾ സമുദായ സൗഹാർദ്ദം ആഗ്രഹിക്കുന്ന വർക്ക് നല്ല വർത്തമാനമായി. നികൃഷ്ടജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രിസഭ എന്ന കഠിന വാക്കുകളും വിഴിഞ്ഞം സമര നേതാവ് ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് മുഖ്യമന്ത്രിക്കെതിരെ തൊടുത്തു വിട്ടു.
കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട. ക്രമസമാധാനം ചർച്ച ചെയ്യാനാണ് കലക്ടർ സർവകക്ഷി യോഗം വിളിച്ചത്. ആ ചർച്ചയിൽ പങ്കെടുക്കും.തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവർകോവിന്റെത് കള്ളങ്ങൾ കുത്തിനിറച്ച പ്രസംഗമായിരുന്നു. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു.
വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം നിയമസഭയിലുന്നയിച്ചത്. എം .വിൻസെന്റാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് സിമൻറ് ഗോഡൗണിലാണ്. മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി ഗോഡൗൺ മാറി. ഒരു മന്ത്രി പോലും കാണാൻ പോകുന്നില്ല. 41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിർമ്മിക്കുന്നതിന്റെ തിരക്കിൽ പാവങ്ങളുടെ സങ്കടം കാണാതെ പോകരുത്.
കാലാവസ്ഥയും മറ്റ് 17 കാരണങ്ങളും ചൂണ്ടിക്കാട്ടി തുറമുഖ കമ്പനി സമയം നീട്ടി ചോദിച്ചെന്ന് അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ഭൂമി പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തിട്ടില്ല.
തുറമുഖം വൻ മാറ്റങ്ങളുണ്ടാക്കും. തുറമുഖ നിർമ്മാണം നിർത്തി വെക്കില്ല.അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സംഗതിയാണ്. വാണിജ്യ മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാകും.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്- മന്ത്രി ആവേശത്തിലായിരുന്നു.
വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂർത്തിയായപ്പോൾ 600 കിലോമീറ്റർ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് സംവാദ അന്തരീക്ഷത്തിലേക്ക് തീവാക്കെറിഞ്ഞു. തീര ശോഷണത്തിൽ അദാനിയുടെയും സർക്കാരിന്റേയും നിലപാട് ഒന്നാണ്. 3000 ത്തോളം വീടുകൾ നഷ്ടപ്പെടും എന്ന് മനസിലാക്കിയാണ് യു.ഡി.എഫ് സർക്കാർ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത് .ഒന്നും നടന്നില്ല. 4 വർഷമായി മത്സ്യ തൊഴിലാളികൾ സിമന്റ് ഗോഡൗണിൽ കഴിയുന്നു.
മന്ത്രി പി. രാജീവാണ് വിവാദമായ ലോകായുക്ത ബിൽ അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനം മാത്രമാണെന്നും പി. രാജീവ് വാദിച്ചു. ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓർഡിൻസ് സർക്കാർ പാസാക്കിയപ്പോൾ തങ്ങളൊന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച സി .പി .ഐ ഒടുവിൽ സി .പി .എമ്മിന് വഴങ്ങി.സി. പി. ഐ നേതാവ് ഇ. ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയായിരിക്കെ കൊണ്ട് വന്ന ലോകായുക്ത നിയമം ഏകപക്ഷീയമായി റദ്ദാക്കാനാകില്ലെന്നായിരുന്നു സി. പി .ഐ നിലപാട്. റവന്യൂ മന്ത്രിയെ കൂടി അപ്പീൽ അധികാരിയായി നിയമിച്ച് പുതിയ സമിതി ഉണ്ടാക്കണമെന്ന നിർദേശം സി .പി .ഐ മുന്നോട്ട് വെച്ചെങ്കിലും നിയമപരമായ തടസമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ഉഭയകക്ഷി ചർച്ചയിൽ സി .പി .ഐ നേതാക്കളെ അറിയിക്കുകയായിരുന്നു.
ബിൽ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്. പല്ലും നഖവുമുള്ള നിയമമാണ് നിലവിൽ കേരളത്തിലെ ലോകായുക്ത നിയമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 22 വർഷത്തിന് ശേഷം അത് പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുത്. സി.പി.ഐ ഇതിന് വഴങ്ങരുതായിരുന്നു.
ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം എക്‌സിക്യൂട്ടീവ് കവരുകയാണ്. ഒരാൾക്ക് അയാൾക്കെതിരായ കേസിൽ വിധി നിർണ്ണയിക്കാനാവില്ലെന്നാണ് ഭരണഘടന പറയുന്നത്. ഈ തത്വത്തിന്റെ ലംഘനമാണ് ദേദഗതി. നിയമ ഭേദഗതിയിലെ ഭരണഘടനാവിരുദ്ധ ഭാഗങ്ങൾ പ്രതിപക്ഷ നേതാവ് സഭയിൽ ഉദ്ധരിച്ചു. പുതിയ ഭേദഗതിയോടെ പൊതുപ്രവർത്തകർക്കെതിരായ കേസുകളൊന്നും നിലനിൽക്കില്ലെന്ന ഗുരുതര സാഹചര്യം വരും. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഴിമതി നിരോധന നിയമം ഇല്ലാതാക്കുകയാണ്. ഭേദഗതിയിൽ ഭരണഘടനാ വിരുദ്ധതയും നിയമവിരുദ്ധതയും ഉണ്ട്. നിയമത്തെ അട്ടിമറിക്കുകയാണ്
സർക്കാർ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗിലെ എൻ .ഷംസുദ്ദീൻ വാദിച്ചു നിന്നു. ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമായ ബിൽ പിൻവലിക്കണം.
ബില്ലിന് സ്പീക്കർ അവതരണ അനുമതി നൽകരുതെന്നും എൻ .ഷംസുദ്ദീൻ എതിർ വാദം ഉന്നയിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് ഷെൽഫിൽ വെക്കാൻ ആണെങ്കിൽ ലോകായുക്ത എന്തിനെന്നാണ് മന്ത്രി പി. രാജീവിന്റെ ചോദ്യം.
ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ല. നിലവിലുള്ള നിയമത്തിൽ അത് പറയുന്നില്ല. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പോലീസ് അന്വേഷിച്ച് അവർ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകും. ഇത് ലോകത്ത് ഒരിടത്തും ഇല്ലാത്ത സംവിധാനമാണെന്നും മന്ത്രി രാജീവ് വാദിച്ചു നിന്നു. ഒന്നാം പിണറായി സർക്കാറിലുണ്ടായിരുന്ന ജി.സുധാകരൻ, എ.കെ ബാലൻ തുടങ്ങിയവരുടെ വിടവ് നികത്താനാണ് പാർലമെന്റനുഭവങ്ങളുടെ ബലത്തിൽ പി.രാജീവ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
'ഇയാള് നമ്മളെ കൊയപ്പത്തിലാക്കും'...! നിയമസഭയിൽ പ്രസംഗിക്കാനെഴുന്നേറ്റ കെ.ടി ജലീലിനെക്കുറിച്ചുള്ള കെ.കെ. ശൈലജയുടെ ആത്മഗതം ആകെ പ്രശ്‌നമായിരിക്കയാണ്. നിയമസഭയിൽ ലോകായുക്ത നിയമഭേദഗതി ചർച്ചക്കിടെ കെ.ടി ജലീൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതം. മൈക്ക് ഓഫാക്കാൻ വൈകിയതാണ് ആത്മഗതം പരസ്യമാകാൻ കാരണമായത്.
ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കെ.ടി.ജലീൽ സംസാരിക്കാൻ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. ഇതോടെ ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കിൽ വ്യക്തമായി പതിയുകയായിരുന്നു. ലോകായുക്ത നിയമഭേദഗതി ചർച്ചയിൽ ശൈലജ സംസാരിച്ച് പൂർത്തിയാകുമ്പോഴേക്കും ജലീൽ സംസാരിക്കാൻ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റിൽ ഇരിക്കുന്നതിനിടെയാണ് മൈക്ക് ഓൺ ആണെന്ന കാര്യം ശ്രദ്ധിക്കാതെയുള്ള ശൈലജയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം വന്നത്.
ലോകായുക്ത വിധിയെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിൽനിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത്. ലോകായുക്ത മൂലം അനുഭവിച്ച ദുരിതങ്ങൾ പറയാൻ ജലീൽ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതമെന്നതും ചേർത്തുവായിക്കാം. ആകെ മൊത്തം കാരമുള്ളിൻ കെട്ടിൽ കുടുങ്ങിയ അവസ്ഥതന്നെ.
ഓവർ ടൈം പണിയെടുത്താണ് സഭ ഓർഡിനൻസുകൾ ബില്ലാക്കുന്നത്. ഇന്നലെ രാത്രിയും സഭ തുടരുകയായിരുന്നു.