Sorry, you need to enable JavaScript to visit this website.

പൂച്ചക്ക് വിളയാട്ടം, എലിക്കു പ്രാണവേദന....

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. പക്ഷേ, കണ്ണൂരിലെ വല്യേട്ടൻ പാർട്ടി ജില്ല സെക്രട്ടറി പൂച്ചയല്ല, പുലിയാണ്. സഖാവ് മറ്റൊരു നിവൃത്തിയില്ലാതെയാണ് ഗവർണർക്കെതിരെ ഗർജിക്കാനായി വാതുറന്നത്. എ.കെ. ബാലൻ സഖാവും മറ്റൊരു കേന്ദ്രത്തിൽനിന്നു വാതുറന്നു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അതാരും ശ്രദ്ധിക്കുന്ന പതിവില്ല. മന്ത്രിയായിരുന്ന കാലത്തെ 'ട്രാക്ക് റെക്കോർഡ്' പ്രസ്താവനകൾ അത്രയേറെ സൽപേരുണ്ടാക്കിയതിനാലാണ് ആ പതനം. ഒന്നാമൻ അങ്ങനെയല്ല. അദ്ദേഹം 'ശുംഭൻ' പ്രയോഗത്തിലൂടെ കോടതിയെ ഇളക്കി മറിച്ച സംഭവമുണ്ട്. അതോടെ പൂജപ്പുര ജയിലിലെ രുചികരമായ ഭക്ഷണങ്ങൾ ശീലിച്ച് അവിടെത്തന്നെ കഴിഞ്ഞ ചരിത്രവുമുണ്ട്. ഇപ്പോൾ 'ഗവർണർ' കുഴപ്പക്കാരനാണെന്നു വിളിച്ചു പറയാനും അദ്ദേഹം തന്നെ വേണ്ടിവന്നു. സംഘപരിവാരങ്ങൾക്കു പ്രിയപ്പെട്ടവനാകാൻ വേണ്ടി ആരിഫ്ഖാൻജി ട്രപ്പീസിൽ പല അഭ്യാസങ്ങളും കാട്ടുകയാണത്രേ! എങ്കിലും ഉയർന്ന പല തസ്തികകളിലേക്കുമുള്ള 'പ്രൊമോഷൻ' തടഞ്ഞതും അതേ 'പരിവാര'ങ്ങൾ തന്നെ. ദ്രൗപദി മുർമുവും ധൻകറുമൊന്നും അല്ലെങ്കിൽ ദില്ലി കാണുകയില്ലായിരുന്നുവെന്നാണ് സഖാവിന്റെ പ്രസ്താവനയുടെ പൊരുൾ. ഇക്കാര്യത്തിൽ, അതായത് കണ്ണൂർ യൂനിവേഴ്‌സിറ്റിയിലെ പ്രിയ വർഗീസിന്റെ നിയമന കാര്യത്തിൽ സഖാവിനൊപ്പം നിൽക്കാൻ ഈ നാട്ടിലെ ചോര തുടിക്കുന്ന യുവാക്കളുണ്ട്. 'ചോര തുടിക്കും കൈകളേ, പേറുക വന്നീ പന്തങ്ങൾ' എന്ന കവി വചന വിപ്ലവാഹ്വാനം കേൾക്കുവാൻ യുവകേരളം സജ്ജരായി നിൽക്കുന്നു. കേന്ദ്രത്തിലെ ഭരണം ഒട്ടും ജനാധിപത്യ ബോധമില്ലാത്തവരുടെ പക്കലായതുകൊണ്ടാണ് സംയമനം പാലിക്കുന്നത്; അല്ലെങ്കിൽ രാജ്ഭവൻ ഇടിച്ചുനിരത്തി കപ്പവാഴ കൃഷി നടത്തുമായിരുന്നു. പ്രിയ വർഗീസ് ആരാണെന്നും കെ.കെ. രാഗേഷിന്റെ ഭാര്യയാണെന്നും രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്നും അറിയാതെയാണോ ആരിഫ്ഖാൻജി ഈ തീക്കളി? വി.സിയെക്കൊണ്ട് ഗവർണർക്കെതിരെ കേസ് കൊടുപ്പിക്കുക എന്നത് മറ്റെന്താണ്? അവശേഷിക്കുന്ന ഒരേയൊരു പ്രശ്‌നം ഇതാണ്- സർവകലാശാലയുടെ ആസ്ഥാനം കണ്ണൂരിൽ. വല്യേട്ടൻ പാർട്ടിയുടെ ജന്മഗ്രാമവും കണ്ണൂർ. രക്തസാക്ഷികളുടെ ഒരു കൂമ്പാരം തന്നെയുണ്ട് ദേശത്ത്. കേരളത്തിൽ ഒരു രണ്ടാം വാഴ്ച നടക്കുമ്പോൾ പാർട്ടിയുടെ ഹൃദയഭൂമിയിൽ നാലു നിയമനം പോട്ടെ, ഒരെണ്ണം പോലും നടത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഈ അധികാരം? രാജിയല്ലേ ഭേദം? അതുകൊണ്ട് ജീവൻ പോയാലും ശരി, സ്വജനപക്ഷപാതം കാട്ടാതെ അടങ്ങരുത് എന്നു മാത്രമേ പറയാനുള്ളൂ. മാർക്ക് ദാനം വെറും സംഖ്യയാണ്, അതിനേക്കാൾ വലുതാണ് മാനം, ശ്ശെടാ!


****                                ****                            ****


ട്രാൻസ്‌പോർട്ട് ബസ് കണ്ടാൽ കല്ലെറിയും. മാവു കണ്ടാൽ മതിലിൽ കയറി കൈനീട്ടും. 'ചെണ്ട'പ്പുറത്തു 'കോല്' വീണാൽ ഉത്സവപ്പറമ്പിലേക്കോടും. കളങ്കമില്ലാത്ത കുട്ടികളുടെ സ്വഭാവം പ്രസിദ്ധം. മന്ത്രി ശിവൻകുട്ടി ഒരു 'കുട്ടി'യായി ഊഞ്ഞാലാടുന്നതുകണ്ടവർ അതു തന്നെ ഓർക്കും. വകുപ്പ് വിദ്യാഭ്യാസമായതിനാൽ 'കുട്ടി'യാകുന്നതിൽ ആർക്കും വിരോധവും ഉണ്ടാകില്ല. ചിങ്ങമാസം പിറന്നതോടെ 'ടൂറിസം വകുപ്പിന്റെ' കൊയ്ത്തു കാലത്തിന്റെയും തുടക്കമാണല്ലോ. ടൂറിസം ഡയറക്ടറേറ്റിൽ ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് റിയാസും ശിവൻകുട്ടിയും മുറ്റത്തെ ഊഞ്ഞാൽ കണ്ടത്. രണ്ടുപേരും തൽസമയം തന്നെ കുട്ടികളായി മാറി ഓടുന്നുത് കണ്ട്, പുൽകൊടികൾ പോലും പ്രത്യേക രോമാഞ്ചമണിഞ്ഞുവെന്ന് ദൃക്‌സാക്ഷികൾ. ശിവൻകുട്ടി സഖാവ് ശിവനെ തട്ടിക്കളഞ്ഞ് കുട്ടി സഖാവായി മുൻകൂട്ടി ഊഞ്ഞാലിൽ കയറിയ കാഴ്ച ഹർഷപുളകമണിയിക്കാത്ത കാണികളില്ല. ആദ്യം കയറിപ്പറ്റാനുള്ള വകുപ്പു മന്ത്രിയുടെ മോഹം ഉള്ളിലൊതുക്കി, റിയാസ് ശിവൻകുട്ടിയെ ഊഞ്ഞാലാടുന്ന രംഗം വൈറലായി. നിമിഷങ്ങൾക്കകം നിലത്തിറങ്ങി കുട്ടി പഴയ മന്ത്രിക്കുപ്പായത്തിനുള്ളിൽ കടന്നു. ശേഷം, റിയാസ് സഖാവിനെ ഊഞ്ഞാലാട്ടി. മുൻകൂട്ടി കരുതാത്തതിനാൽ മാത്രം 'പാലും പഴവും' നൽകി ഊട്ടിയില്ല. രണ്ടുപേരും വല്യേട്ടൻ പാർട്ടിക്കാരായതു ഭാഗ്യം. ഒരാൾ കൊച്ചേട്ടനായിരുന്നുവെങ്കിൽ പിറ്റേ ദിവസം അക്കാര്യത്തിലും അവഗണന എന്ന പേരിൽ സി.പി.ഐയുടെ ഒരു ഒരു വാർത്തയുണ്ടാകുമായിരുന്നു. ഇപ്പേൾ ജില്ല സമ്മേളനങ്ങൾ നടക്കുന്നിടത്തേക്ക് വല്യേട്ടൻ പാർട്ടിയെക്കുറിച്ച് പരാതികൾ എത്തിക്കുവാൻ ഒരു 'സെൽ' തന്നെ പ്രവർത്തിക്കുണ്ടെന്നാണറിവ്.
മേൽപടി ഊഞ്ഞാൽ സമ്പ്രദായം നമ്മുടെ റോഡുകളിലും പരീക്ഷിക്കാവുന്നതാണ്. പരീക്ഷണങ്ങളാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ്. 'എടുപ്പുകുതിര'യുടെ പൊയ്ക്കാലുകൾ, ഊഞ്ഞാൽ തുടങ്ങിയവ പാവപ്പെട്ടവന്റെ സഞ്ചാര മാർഗങ്ങളായി പരിഗണിക്കേണ്ട കാലം എന്നേ കഴിഞ്ഞു! മന്ത്രിമാർക്ക് പുത്തൻ 'ഇന്നോവ' കൊണ്ടു കുഴികളെ മറികടക്കാം. വിമർശിക്കുന്നവരുടെ മനസ്സിലാണ് കുഴികൾ എന്നു മരാമത്തു മന്ത്രി ചമൽക്കാര ഭംഗിയോടെ പ്രസ്താവിച്ചതുകൊണ്ട് കുഴികൾ താനേ നികന്നുപോയതായി ചരിത്രത്തിലെങ്ങുമില്ല.


****                                ****                            ****


പ്രസവവേദന അസഹ്യമാണെന്നു പറയാത്ത 'പെണ്ണുങ്ങ'ളില്ല. ന്യൂജെൻ വനിതകൾ അത് വിദഗ്ധമായി ഒഴിവാക്കുന്നുണ്ട്. എന്നു കരുതി, ലോകത്ത് എവിടെയെങ്കിലും പ്രസവം നിലച്ചിട്ടുണ്ടോ? അതുപോലെയാണ് അസഹ്യമായ വില വർധന. കുക്കിംഗ് ഗ്യാസിന് വില കൂട്ടാത്ത മാസങ്ങളില്ല. ഓർത്താൽ വേദനാജനകമാണ്, താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ അതിന്റെ പേരിൽ ആരെങ്കിലും വനത്തിൽ വിറകും ചുള്ളിയും ശേഖരിക്കാൻ പോകാറുണ്ടോ? ഇപ്പോഴിതാ, മറ്റൊരു 'താങ്ങാനാകാത്ത' ഭാരം കൂടി വന്നെത്തുന്നു. പെട്രോളും ഡീസലും ഇടയ്ക്കിടെ ഒരു തമാശയ്ക്ക് വില കൂടുന്നുണ്ട്.
'കരണ'ത്തേൽക്കുന്ന ആ താഡനവും നമ്മൾ സസന്തോഷം സ്വീകരിക്കുന്നു. അതു കണ്ട് ആവേശം മൂത്തിട്ടാണത്രേ, വൈദ്യുതി നിരക്കും കൂട്ടാൻ പോകുന്നു. വിതരണക്കാർക്ക് അതിനുള്ള അവകാശം കേന്ദ്ര സർക്കാർ ദാനം ചെയ്യും; ഒറ്റ ഭേദഗതി വരുത്തിയാൽ പുതിയ ചട്ടം റെഡി! കേരളം അതിനെ എതിർക്കുമെന്ന് മന്ത്രി കെ. കൃഷ്ണകുട്ടി പ്രസ്താവിച്ചതു സന്തോഷപൂർവമായിരിക്കണം; (അദ്ദേഹം പല്ലുകാട്ടി ചിരിക്കുന്ന പഴയ ഫോട്ടോയാണ് പത്രങ്ങളിൽ കണ്ടത്. മന്ത്രിയാകാൻ ഇങ്ങനെ വേണം). ജി.എസ്.ടി വ്യാപനം സംബന്ധിച്ച ചർച്ചയിൽ മിണ്ടാതിരുന്നിട്ട്, ഇവിടെ എയർപോർട്ടിൽ വന്നിറങ്ങി എതിർത്ത ധനമന്ത്രിയുടെ ഒപ്പം വൈദ്യുതി മന്ത്രി കൂടി ഇരുന്നു ചിരിക്കുന്ന പുതിയ ഫോട്ടോ പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിന് പാചക വാതകമായാലും പെട്രോളും ഡീസലുമായാലും ജി.എസ്.ടി ആയാലും ഓരോ തവണയും ചിരിയാണ്. നമ്മുടെ മന്ത്രിമാർ കൂടി ചേരുമ്പോൾ 'ചിരിയോടു ചിരി' തന്നെ. ചിരിയുടെ പൂരം. പൂച്ചക്ക് വിളയാട്ടം, എലിക്കു പ്രാണവേദന....!
വയനാട്ടിലെ 'പഴംപൊരി' കഴിച്ചു മടങ്ങുകയാണ് രാഹുൽ ഗാന്ധിയുടെ പതിവെന്നു കണ്ടുപിടിച്ച ഷംസീർ സഖാവിന് ഗവേഷണ രംഗത്ത് ഭാവിയുണ്ട്. പക്ഷേ സൂക്ഷിക്കണം. ദില്ലിവാലകളായ രാഹുലനും യെച്ചൂരിയും ഒന്നിച്ച് പല തവണകളായി ബെർഗറും സൂപ്പുമൊക്കെ കഴിക്കുന്നതിന്റെ 'നാൾവഴി' വി.ഡി. സതീശനാശാന്റെ കൈയിലുണ്ട്. അദ്ദേഹം അതൊക്കെ പ്രസിദ്ധീകരിക്കാൻ തുടങ്ങിയാൽ ജനറൽ സെക്രട്ടറി സഖാവിനെ എ.കെ.ജി ഭവനിൽ വിളിച്ചു ശാസിക്കേണ്ടിവരും. അതിനു കെൽപുള്ളത് തൽക്കാലും പിണറായി സഖാവിനു മാത്രമേയുള്ളൂ. വെറുതെ പൊല്ലാപ്പൊന്നും വിളിച്ചു വരുത്തരുത്. ഓണം വരികയല്ലേ?
 

Latest News