ജനീവ - വടക്കൻ കൊറിയയുമായുള്ള ചർച്ചയിൽ നിർണായകമാവുക അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്ര മികവും, ഒത്തുതീർപ്പിലെത്താനുള്ള കഴിവുമായിരിക്കുമെന്ന് യു.എസ് നിരായുധീകരണ ദൂതൻ റബോർട്ട് വുഡ്.
ട്രംപും വടക്കൻ കൊറിയൻ നേതാവ് കും ജോങ് ഉന്നും തമ്മിലുള്ള ഉച്ചകോടിയുടെ കാര്യപരിപാടികൾക്ക് തങ്ങൾ അന്തിമരൂപം നൽകിവരികയാണെന്നും യു.എൻ കോൺഫറൻസ് ഓൺ ഡിസാമമെന്റിലെ യു.എസ് പ്രതിനിധിയായ വുഡ് പറഞ്ഞു.
സാവധാനം കാര്യങ്ങളെ സമീപിക്കുകയും ഒടുവിൽ വടക്കൻ കൊറിയ പിൻവാങ്ങുകയും ചെയ്യുന്ന, വർഷങ്ങളായി തുടരുന്ന പരമ്പരാഗത ശൈലി നമുക്കിനി ആവശ്യമില്ല. അതുകൊണ്ടാണ് ഞങ്ങൾ ഉറച്ച നടപടികൾക്ക് നിർബന്ധം പിടിക്കുന്നത്. വടക്കൻ കൊറിയയിൽനിന്ന് നിരായുധീകരണത്തിന്റെ കാര്യത്തിൽ സുധീരമായ നടപടിയാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കലും നടക്കില്ലായെന്ന് വിചാരിച്ചിരുന്ന ഇത്തരമൊരു ഉച്ചകോടിയുടെ സാധ്യത വളരെ വലുതാണെന്നും വുഡ് പറഞ്ഞു.
സി.ഐ.എ മേധാവി മൈക് പോംപിയോ ഈയിടെ പ്യോംഗ്യോംഗിൽ രഹസ്യ സന്ദർശനം നടത്തി കിമ്മുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ട്രംപ് - കിം ഉച്ചകോടി നടക്കുമെന്ന് ലോകത്തിന് ബോധ്യമായത്. കൊറിയകൾക്കിടയിലെ നോമാൻസ് ലാന്റ്, തെക്കൻ കൊറിയൻ തലസ്ഥാനമായ സിയോൾ, സ്വിറ്റ്‌സർലാന്റ്, ചൈന, മംഗോളിയ എന്നീ സ്ഥലങ്ങളാണ് ഉച്ചകോടിക്കായി പരിഗണനയിലുള്ളത്.