ബെംഗളൂരു- കര്‍ണാടകയില്‍ മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത് തടയാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു.
സഹിഷ്ണുതയാണ് ഭരണഘടനയുടെ ഇന്ത്യന്‍ നാഗരികതയുടേയും സവിശേഷതയെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു സ്വദേശി ആര്‍. ചന്ദ്രശേഖര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തള്ളിയത്. ബാങ്കിലെ ഉള്ളടക്കം ഒരു തരത്തിലും മറ്റുള്ളവരുടെ വിശ്വാസത്തിനു ദ്രോഹമാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദിവസം അഞ്ച് നേരം പള്ളകളില്‍നിന്ന് മുഴങ്ങുന്ന ബാങ്കുവിളിയുടെ ഉള്ളടക്കം മറ്റ് മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നത്. ബാങ്കുവിളി ഇതര വിശ്വാസികള്‍ക്ക് ഭരണഘടന നല്‍കുന്ന മതവിശ്വാസ അവകാശത്തെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ നാഗരികതയുടെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉം 26ഉം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) വ്യക്തികള്‍ക്ക് സ്വതന്ത്രമായി സ്വന്തം മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങള്‍ നല്‍കുന്നു. ഈ അവകാശം സമ്പൂര്‍ണ്ണ അവകാശമല്ലെന്നും മറിച്ച് പൊതു ക്രമം, ധാര്‍മ്മികത, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകള്‍ക്കും ഈ സ്വാതന്ത്ര്യം വിധേയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി
ശബ്ദമലിനീകരണത്തെക്കുറിച്ച് സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടി
ഹരജിക്കാരനും മറ്റ് മതവിശ്വാസികള്‍ക്കും അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ട്. ബാങ്ക് മുസ്ലിംകള്‍ക്ക് പ്രാര്‍ഥിക്കാനുള്ള ആഹ്വാനമാണ്. ബാങ്ക് ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരുടെ അനിവാര്യമായ ആചാരമാണെന്ന് ഹരജിക്കാരന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബാങ്കിന്റെ ഉള്ളടക്കം ഹരജിക്കാരനും മറ്റ് മതസ്ഥര്‍ക്കും ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന വാദം അംഗീകരിക്കാനാവില്ല. ഉച്ചഭാഷിണികളിലൂടെയോ പൊതുശബ്ദ സംവിധാനങ്ങളിലൂടെയോ ബാങ്ക് വിളിക്കുന്നത് ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന മൗലികാവകാശം ഏതെങ്കിലും വിധത്തില്‍ ലംഘിക്കുന്നില്ല- ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ശബ്ദമലിനീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് അധികൃതരോട് നിര്‍ദേശിച്ചു. ഉച്ചഭാഷിണികളും മറ്റു ഉപകരണങ്ങളും സംഗീത സംവിധാനങ്ങളും രാത്രി 10 മുതല്‍ രാവിലെ ആറുവരെ അനുവദനീയമായ ഡെസിബെലാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.