Sorry, you need to enable JavaScript to visit this website.

ബ്രാഹ്മണന്‍ ശ്മശാനത്തില്‍ ഇരിക്കില്ല; പരമശിവന്‍ പട്ടികജാതിക്കാരനെന്ന് വൈസ് ചാന്‍സലര്‍

ന്യൂദല്‍ഹി- നരവംശശാസ്ത്രപരമായും ശാസ്ത്രീയമായും ഒരു ദൈവവും ബ്രാഹ്മണനല്ലെന്നും ഏറ്റവും ഉയര്‍ന്ന ദൈവം ക്ഷത്രിയനാണെന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു.

സാമൂഹ്യനീതി മന്ത്രാലയം സംഘടിപ്പിച്ച ബി ആര്‍ അംബേദ്കര്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ബ്രാഹ്മണര്‍ക്ക് ശ്മശാനത്തില്‍ ഇരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പരമശിവന്‍ തന്റെ കഴുത്തില്‍ പാമ്പുകളെ ധരിച്ചുകൊണ്ട് ശ്മശാനത്തിലാണ് ഇരിക്കുന്നത്.  കുറച്ച് വസ്ത്രം മാത്രം ധരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ശിവന്‍  പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ സമുദായത്തില്‍ നിന്നായിരിക്കാമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

സമൂഹത്തെ മികച്ചതാക്കണമെങ്കില്‍ ജാതി ഉന്മൂലനം അനിവാര്യമാണെന്ന്  അവര്‍ പറഞ്ഞു. നമ്മുടെ ദൈവങ്ങളുടെ ഉത്ഭവം നരവംശശാസ്ത്രപരമായോ ശാസ്ത്രീയമായോ നാം മനസ്സിലാക്കണം. നരവംശശാസ്ത്രപരമായി, ലക്ഷ്മിയും ശക്തിയും ഭഗവാന്‍ ജഗന്നാഥനും പോലും ഉയര്‍ന്ന ജാതിയില്‍ പെട്ടവരല്ല. ആദിവാസി സമുദായത്തില്‍നിന്നാണ് ജഗന്നാഥന്‍.
മനുസ്മൃതി പ്രകാരം സ്ത്രീകള്‍ പട്ടികജാതിക്കാരാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സ്ത്രീക്ക് താന്‍ ബ്രാഹ്മണ സമുദായത്തിലോ മറ്റോ ആണെന്ന് പറയാന്‍ കഴിയില്ല. ഒരു ദൈവവും ബ്രാഹ്മണനല്ല. ഏറ്റവും ഉയര്‍ന്നത് ക്ഷത്രിയനാണ്- അവള്‍ അവകാശപ്പെട്ടു.
വിവാഹം വരെ ഒരു സ്ത്രീക്ക് അവളുടെ പിതാവിന്റെ ജാതിയും വിവാഹശേഷം അവള്‍ക്ക് ഭര്‍ത്താവിന്റെ ജാതിയുമാണ് ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ജനിക്കുന്ന സമൂഹത്തിനനുസരിച്ച് ജാതി നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അത് ജനനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിരവധി പേര്‍ പറയുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.  അടുത്തിടെ, കുടിവെള്ള പാത്രം സ്പര്‍ശിച്ചതിന് രാജസ്ഥാനില്‍ ഒരു ദളിത് ആണ്‍കുട്ടിയെ മര്‍ദിച്ചു കൊന്നിരുന്നു.
മനുഷ്യാവകാശങ്ങള്‍ പരിഗണിക്കുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും  ഇത്തരം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
സമൂഹത്തില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാമെന്നും ഭീം റാവു അംബേദ്കര്‍ അത് നടപ്പിലാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

സാമൂഹിക ജനാധിപത്യമില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യവും അപകടത്തിലാകും. ലിംഗനീതിക്കുള്ള ഏറ്റവും വലിയ സംഭാവന ഏക സിവില്‍ കോഡ് നടപ്പിലാക്കകുയാണെന്ന്  അവര്‍ പറഞ്ഞു.
രാജ്യത്ത് 52 സര്‍വ്വകലാശാലകളില്‍, ആറെണ്ണത്തില്‍ മാത്രമാണ് വനിതാ വൈസ് ചാന്‍സലര്‍മാര്‍ ഉള്ളതെന്നും ഒരാള്‍ സംവരണ വിഭാഗത്തില്‍ നിന്നുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News