ഹൈദരാബാദ്- തെലങ്കാനയില്‍ ഭരണകക്ഷി എം.എല്‍.സിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം അക്രമാസക്തമായതിനു പിന്നാലെ ജങ്കാവില്‍ കൂടുതല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു.
ടിആര്‍എസ് എംഎല്‍സി കവിതയുടെ വീടിന് പുറത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് ജങ്കാവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ബി.ജെ.പി അധ്യക്ഷന്‍ ആഹ്വാനം ചെയ്തിരുന്നത്.
ഹൈദരാബാദിലെ എംഎല്‍സിയുടെ വസതിയിക്കുപുറത്തു നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച ടിആര്‍എസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
ദല്‍ഹി മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ കവിതയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് യുവമോര്‍ച്ച, ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ കവിത, നുണകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കവിത പറഞ്ഞു.
ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ദല്‍ഹി എക്‌സൈസ് അഴിമതിയില്‍ പറഞ്ഞ കാര്യങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കയ്യില്‍ എല്ലാ ഏജന്‍സികളും ഉണ്ട്, അവര്‍ക്ക് എന്ത് അന്വേഷണം വേണമെങ്കിലും നടത്താം. ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കും- കവിത പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളെ മുഖ്യമന്ത്രി കെസിആര്‍ ശക്തമായി വിമര്‍ശിക്കുന്നതു കൊണ്ടാണ് ബി.ജെ.പി നുണകള്‍ ആവര്‍ത്തിച്ച് തന്റെ കുടുംബത്തിന്റെ സത്‌പേരിന് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.