ബെംഗളൂരു- പീഡനക്കേസില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010 മാര്‍ച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണിത്. നിത്യാനന്ദയ്‌ക്കെതിരെ കോടതി ഒട്ടേറെ സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്.
ഈ കേസില്‍ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്, കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാള്‍ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു. 2018 മുതല്‍ വിചാരണയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ 2020ല്‍ കോടതി ജാമ്യം റദ്ദാക്കി. യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയെ 5 വര്‍ഷം ബിഡദി ആശ്രമത്തില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്‌ക്കെതിരെ കര്‍ണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
ഗുജറാത്തില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ നേരത്തേ ഇന്റര്‍പോള്‍ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അജ്ഞാതകേന്ദ്രത്തില്‍ 'കൈലാസം' എന്ന പേരില്‍ ഒരു രാജ്യം സൃഷ്ടിച്ച് സ്വന്തമായി പാസ്‌പോര്‍ട്ടും കറന്‍സിയും ഉണ്ടാക്കി വിലസുന്ന സ്വാമിയുടെ ഒളിത്താവളം കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല.