ഹവാന - ക്യൂബയിൽ വിപ്ലവവും അതോടൊപ്പം സാമ്പത്തിക പരിഷ്‌കരണ പ്രവർത്തനങ്ങളും തുടരുമെന്ന് പുതിയ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ. ക്യൂബൻ വിപ്ലവം തുടരുന്നതിനാണ് ഈ സഭക്ക് ജനങ്ങൾ അംഗീകാരം നൽകിയിരിക്കുന്നതെന്ന് പാർലമെന്റായ നാഷണൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അതോടൊപ്പം കാസ്‌ട്രോ മുന്നോട്ടുവെച്ച സാമ്പത്തിക മാതൃക നടപ്പാക്കുന്നതിനാവും ഈ ചരിത്ര മുഹൂർത്തിൽ നമ്മൾ ഊന്നൽ നൽകുകയെന്നും മിഗ്വേൽ പറഞ്ഞു.
റൗൾ കാസ്‌ട്രോയുടെ പിൻഗാമിയായി അടുത്ത അഞ്ച് വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മിഗ്വേലിനെ നാഷണൽ അസംബ്ലി തെരഞ്ഞെടുത്തുതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 'ഞാൻ വന്നിരിക്കുന്നത് പ്രവർത്തിക്കാനാണ്, വാഗ്ദാനങ്ങൾ നൽകാനല്ല' -മിഗ്വേൽ പറഞ്ഞു.
605 അംഗ നാഷണൽ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ട ഏക പ്രസിഡന്റ് സ്ഥാനാർഥിയും 57 കാരനായിരുന്നു. തന്റെ 58 ാം ജന്മദിനത്തിന് തൊട്ട് തലേന്നായിരുന്നു മിഗ്വേൽ പ്രസിഡന്റ് പദത്തിലെത്തിയത്.
കമ്യൂണിസ്റ്റ് ക്യൂബയിൽ കാസ്‌ട്രോ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യ പ്രസിഡന്റാണ് മിഗ്വേൽ. എങ്കിലും താൻ എപ്പോഴും കമാൻഡർ ഫിഡൽ കാസ്‌ട്രോയുടെ പാരമ്പര്യത്തോടും ഒപ്പം ജനറൽ റൗൾ കാസ്‌ട്രോ മാതൃകയാക്കിയ മൂല്യങ്ങളോടും അധ്യാപനങ്ങളോടും കൂറുള്ളവനായിരിക്കുമെന്ന് മിഗ്വേൽ പറഞ്ഞു.
പ്രസിഡന്റ് പദം ഒഴിഞ്ഞെങ്കിലും ക്യൂബയിലെ ഏറ്റവും ഉന്നത പദവിയായ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പദത്തിൽ റൗൾ കാസ്‌ട്രോ തുടരും. രാജ്യത്തിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും സുപ്രധാന തീരുമാനങ്ങൾക്ക് അധ്യക്ഷത വഹിക്കുന്നത് റൗൾ കാസ്‌ട്രോ തന്നെയായിരിക്കുമെന്ന് മിഗ്വേൽ പറഞ്ഞു. 1959 ലെ വിപ്ലവ വിജയത്തിനു ശേഷം കമ്യൂണിസ്റ്റ് നേതാക്കൾ ധരിച്ചുവരുന്ന ഒലിവ് പച്ച നിറത്തിലുള്ള സൈനിക വേഷമായിരിക്കും തന്റേതുമെന്നും അദ്ദേഹം വ്യക്തമാക്കി.