മുംബൈ- വയറുവേദനയുടെ മരുന്നിനു പകരം എലി വിഷം മാറിക്കഴിച്ച 24 കാരി മരിച്ചു. ഗുരതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഒരാഴ്ചയ്ക്ക് ശേഷമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മുംബൈയിൽ കിഴക്കൻ അന്ധേരിയിൽ സാകിനാകയിലായിരുന്നു സംഭവം. ഈ മാസം 13 ന് കഠിനമായ വയറുവേദനയുണ്ടെന്ന് അമ്മ ആനന്ദ ഗവാനെയെ അറിയിച്ച ശേഷമാണ് കജോൾ പവാർ എന്ന യുവതി മരുന്നാണെന്ന് കരുതി എലിവിഷം കഴിച്ചത്. അമ്മ ആനന്ദയും ഇക്കാര്യം സ്ഥിരീകരിച്ചു.
യുവതിയുടെ ഭർത്താവ് അഭിഷേക് പവാർ ജോലിക്ക് പോയിരിക്കയായിരുന്നു. തനിക്ക് ഛർദ്ദിക്കുന്നുണ്ടെന്നും സഹായം ആവശ്യമാണെന്നും യുവതി അമ്മയോട് പറഞ്ഞിരുന്നു. സാകിനാകയിലെ തുംഗ ഗാവിൽ താമസിക്കുന്ന ഗവാനെയും മകനും കജോളിന്റെ വീട്ടിലെത്തി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഓഗസ്റ്റ് 15 ന്, മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹിരാനന്ദാനി ആശുപത്രിയിലേക്ക് മാറ്റി. കരൾ അണുബാധയെത്തുടർന്ന് ഓഗസ്റ്റ് 18-ന് വീണ്ടും പരേലിലെ കെഇഎം ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ നില വഷളായ യുവതി കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവതിയുടെ അമ്മയ്ക്കും ഭർത്താവിനും ആർക്കെതിരെയും പരാതിയില്ലെന്നും സക്കിനാക്ക പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സമാനമായ സംഭവത്തിൽ ജൂലൈയിൽ 35 കാരിയായ ഒരു സ്ത്രീ അബദ്ധത്തിൽ എലിവിഷം കലർത്തിയ തക്കാളി ഉപയോഗിച്ച് മാഗി ഉണ്ടാക്കി കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു.